ആഴിമലയിലെ കിരണിന്റെ മരണത്തിൽ പെൺ സുഹൃത്തിന്റെ സഹോദരൻ അറസ്റ്റിൽ. കിരൺ കുമാറിനെ തട്ടിക്കൊണ്ട് പോയ കേസിലെ രണ്ടാം പ്രതിയായ സജിത് കുമാറാണ് അറസ്റ്റിലായത്.കേസിൽ പെൺകുട്ടിയുടെ സഹോദരി ഭർത്താവിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.കിരണിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയ രാജേഷാണ് അറസ്റ്റിലായത്. രാജേഷ് കൊണ്ടുപോയ ശേഷമാണ് കിരണിനെ കാണാതാകുന്നത്. ഇരുവരേയും ഇന്ന് കോടതിയിൽ ഹാജരാക്കും. തട്ടിക്കൊണ്ടു പോയതിന് 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരുടേയും സുഹൃത്ത് അരുണിനെയാണ് ഇനി പിടികൂടാനുള്ളത്. തമിഴ്നാട്ടിലെ കുളച്ചൽ തീരത്ത് കണ്ടെത്തിയ മൃതദേഹം തിരുവനന്തപുരം ആഴിമലയിൽ നിന്ന് കാണാതായ കിരണിന്റേത് തന്നെയാണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.
പെൺസുഹൃത്തിനെ കാണാൻ എത്തിയ കിരണിനെ ആഴിമല കടലിൽ ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയായിരുന്നു. ഈ മാസം പത്താം തീയതിയാണ് ആഴിമലയിൽ നിന്ന് കിരണിനെ കാണാതായത്.രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം മൊട്ടമൂട് സ്വദേശി കിരണ്‍ ഫേസ് ബുക്ക് വഴി പരിചയപ്പെട്ട ആഴിമലയിലുള്ള പെൺ സുഹൃത്തിനെ കാണാനെത്തുന്നത്.
കിരണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഴിമല കടൽത്തീരത്തുള്ള പെണ്‍കുട്ടിയുടെ വീടിന് മുന്നിലെത്തി. മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെൺകുട്ടിയുടെ സഹോദരനും രണ്ടു ബന്ധുക്കളും ചേർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ പിടിച്ചുകൊണ്ടുപോയ ശേഷം ആഴിമലക്ക് സമീപം വെച്ച് കിരണിനെ കാണാതാവുകയായിരുന്നു.
കിരണിനെ ബൈക്കിലും സുഹൃത്തുക്കളെ കാറിലും കയറ്റി ആഴിമല ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ആഴിമലയിലെ ഒരു ആയൂർവേദ റിസോർട്ടിലെ സിസിടിവിദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരുന്നു. ഇതിൽ കിരൺ കടൽതീരത്തേക്ക് ഓടുന്ന ദൃശ്യങ്ങളാണുള്ളത്.