സാഫ് കപ്പ് മസാരത്തിനിടെ ഗ്രൗണ്ടിൽ ഇന്ത്യ- കുവൈത്ത് താരങ്ങളുടെ കയ്യാങ്കളി. മത്സരത്തിന്റെ അവസാന മിനിറ്റിൽ ഇന്ത്യൻ ഫോർവേഡ് റഹീം അലി കുവൈത്തിന്റെ ഹമദ് അൽ ക്വലാഫിനെ തള്ളിയിട്ടതോടെയാണു പ്രശ്നങ്ങള്‍ വഷളാവുകയായിരുന്നു. ഇന്ത്യൻ ടീമിലെ മലയാളി താരം സഹൽ അഹ്ദുൽ സമദിനെ ഹമദ് ഗ്രൗണ്ടിൽ വീഴ്ത്തിയപ്പോള്‍, ഓടിയെത്തിയ റഹീം അലി കുവൈത്ത് താരത്തെ തള്ളുകയായിരുന്നു. സംഭവത്തിൽ റഹീം അലിക്കും കുവൈത്തിന്റെ ഹമദിനും ചുവപ്പു കാർഡ് ലഭിച്ചു.
സാഫ് കപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിൽ പാക്കിസ്ഥാൻ, നേപ്പാൾ താരങ്ങളുമായും ഇന്ത്യൻ കളിക്കാർ ഗ്രൗണ്ടിൽ ഏറ്റുമുട്ടിയിരുന്നു. കുവൈത്തുമായുള്ള മത്സരത്തിനിടെ ഇന്ത്യന്‍ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് വീണ്ടും ചുവപ്പുകാർഡ് വാങ്ങി പുറത്തുപോയി. ഇന്ത്യയുടെ സെമി ഫൈനൽ പോരാട്ടം മുഖ്യപരിശീലകന്‍ നഷ്ടമാകും.
ഇൻജറി ടൈമിൽ ഇന്ത്യ സെൽഫ് ഗോൾ വഴങ്ങിയതോടെ മത്സരം സമനിലയിലായി. ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയിലൂടെ ലീഡ് നേടിയ ഇന്ത്യ, രണ്ടാം പകുതിയിൽ ലീഡ് ഉയർത്താൻ ആക്രമിച്ചു കളിച്ചു. എന്നാൽ ഇൻജറി ടൈമിൽ ഇന്ത്യൻ താരം അൻവർ അലി വഴങ്ങിയ സെൽഫ് ഗോൾ ഇന്ത്യയ്ക്കു തിരിച്ചടിയായി. 9 മത്സരങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഒരു ഗോൾ വഴങ്ങുന്നത്.ഗ്രൂപ്പ് എയിൽ ഇന്ത്യയ്ക്കും കുവൈത്തിനും 7 പോയിന്റ് വീതമാണെങ്കിലും മികച്ച ഗോൾ ശരാശരിയോടെ കുവൈത്ത് ഒന്നാമതെത്തി. സെമിയിൽ ലബനനാണ് ഇന്ത്യയുടെ എതിരാളി.

