ഐ ലീഗ് താരം സൗരവ് ഇനി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കായി കളിക്കും. സൗരവുമായി കരാര്‍ ഒപ്പിട്ടതായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. 21കാരനായ താരം 2025 വരെ ക്ലബ്ബില്‍ തുടരും. ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ്സിയില്‍ നിന്നാണ് ഈ യുവ വിംഗര്‍ കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
റെയിന്‍ബോ എഫ്സിയിലൂടെയാണ് സൗരവ് തന്റെ പ്രഫഷണല്‍ കരിയര്‍ തുടങ്ങുന്നത്. എടികെയുടെ റിസര്‍വ് ടീമില്‍ ചെറിയ കാലം കളിച്ച ശേഷം 2020ല്‍ ചര്‍ച്ചില്‍ ബ്രദേഴ്സില്‍ ചേര്‍ന്നു. ഗതിവേഗമുള്ള ഊര്‍ജസ്വലനായ ഈ മിഡ് ഫീല്‍ഡര്‍, കഴിഞ്ഞ ഐ ലീഗ് സീസണില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനൊപ്പം നിരവധി പ്രതീക്ഷ പകരുന്ന പ്രകടനം നടത്തി. ഇക്കാലയളവില്‍ ക്ലബ്ബിനായി 14 മല്‍സരങ്ങള്‍ കളിച്ചു. മുന്‍നിരയില്‍ എവിടെയും കളിക്കാനുള്ള തുല്യ വൈദഗ്ധ്യത്തോടെ, ചര്‍ച്ചില്‍ ബ്രദേഴ്സിന്റെ സ്ട്രൈക്കിങ് നിരയുടെ ഒരു പ്രധാന ഭാഗമായും താരം വളര്‍ന്നു. കഴിഞ്ഞ സീസണില്‍ ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ് സൗരവ് നേടിയത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് തന്റെ പുതിയ ക്ലബ്ബുമായി കരാര്‍ ഒപ്പിട്ട ശേഷം സൗരവ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ക്ലബ്ബിനെ പ്രതിനിധീകരിക്കുന്നത് എന്റെ സ്വപ്ന സാക്ഷാത്കാരമാണ്. രാജ്യത്തെ മികച്ച കളിക്കാരുമായി ഞാന്‍ ഡ്രസ്സിങ് റൂം പങ്കിടും, അവരില്‍ നിന്ന് പഠിക്കാന്‍ എനിക്ക് അതിയായ താല്‍പര്യമുണ്ട്- സൗരവ് പറഞ്ഞു.
സൗരവിനെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നതായി സമ്മര്‍ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ സൈനിങിനെ കുറിച്ച് സംസാരിക്കവേ കെബിഎഫ്സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.