അര്ജുന് ആയങ്കിയെ കസ്റ്റംസ് അറസ്റ്റു ചെയ്തേക്കുമെന്നു സൂചന. ചോദ്യം ചെയ്യലിന് ശേഷം അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്യുമെന്ന് കോടതിയില്‍ കസ്റ്റംസ് സൂചന നല്‍കിയതായാണ് പുറത്തുവരുന്ന വിവരം. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണായക പങ്കുണ്ടെന്ന് സംശയിക്കുന്ന കണ്ണൂര്‍ സംഘത്തിലെ പ്രധാനി അര്ജുന് ആയങ്കി കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഹാജരായത്. അഭിഭാഷകരും അര്‍ജുനൊപ്പം ഉണ്ടായിരുന്നു.
സ്വര്‍ണ്ണക്കടത്തു കേസില്‍ പിടിയിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്, അര്‍ജുനാണ് മുഖ്യസൂത്രധാരനെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചത്. തനിക്ക് ഇതിന്റെ പ്രതിഫലമായി നാല്പതിനായിരം രൂപയും വിമാന ടിക്കറ്റും ലഭിച്ചെന്നും, എയര്‍പോര്‍ട്ടില്‍ നിന്ന് ഒരു ബോക്സിലാക്കി സലീം എന്നയാളാണ് സ്വര്‍ണ്ണം കൈമാറിയതെന്നും ഷെഫീഖിന്റെ മൊഴിയിലുണ്ട്. ഷെഫീഖാണ് പണവുമായി കരിപ്പൂരില്‍ എത്തിയത്. ഇയാളെ കസ്റ്റഡിയില്‍ കിട്ടാനായി കോടതിയില്‍ നല്കിയ അപേക്ഷയിലാണ് ആയങ്കിയെ കസ്റ്റഡിയില്‍ എടുത്തുവെന്ന് കസ്റ്റംസ് വ്യക്തമാക്കിയത്. അറസ്റ്റ് ചെയ്യുമെന്ന സൂചനയും ബലപ്പെടുകയാണ്.
ഷെഫീഖിന്, ആയങ്കി അയച്ച സന്ദേശങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആയങ്കിയേയും കേസില്‍ പ്രതിയാക്കുന്നത്. ഭയക്കരുതെന്നും, രക്ഷപ്പെടുത്താമെന്നും ആയങ്കി അറസ്റ്റിലായ ഷെഫീഖിന് ഉറപ്പു നല്‍കിയിരുന്നു. ഇതാണ് തെളിവായി കസ്റ്റംസിന് കിട്ടിയത്. കൊടി സുനിയുടെ അടുത്തയാളാണ് ആയങ്കി എന്നാണ് കണ്ടെത്തല്‍. ആകാശ് തില്ലങ്കേരിയുമായും അടുപ്പമുണ്ട്. ഇവരിലേക്ക് അന്വേഷണം കൊണ്ടു പോകാനാണ് കസ്റ്റംസിന്റെ തീരുമാനം. ആയങ്കിയ്ക്കെതിരെ നിരവധി തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ആയങ്കിയുടെ മൊഴി നിര്‍ണ്ണായകമാകും എന്നാണ് കസ്റ്റംസ് കരുതുന്നത്.

