പുതിയ പാർലമെന്റ് മന്ദിരം ;പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഷാറുഖും അക്ഷയും രജനികാന്തും

0
161

ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് നടന്മാരായ ഷാറുഖ് ഖാൻ, അക്ഷയ് കുമാർ, രജനികാന്ത് എന്നിവർ. പ്രധാനമന്ത്രി നേരത്തെ ട്വിറ്ററിൽ പങ്കിട്ട പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിഡിേയായിൽ, വോയ്‌സ്‌ഓവർ ചേർത്താണ് ഷാറുഖ് ഖാനും അക്ഷയ് കുമാറും അഭിനന്ദിച്ചത്.

ചെങ്കോൽ സ്ഥാപിക്കുന്നതിൽ രജനികാന്തും നന്ദി അറിയിച്ചു. മൂവരുടെയും അഭിനന്ദന ട്വീറ്റിനോട് പ്രതികരിച്ച പ്രധാനമന്ത്രി, പുതിയ മന്ദിരം ‘ജനാധിപത്യ ശക്തിയുടെയും പുരോഗതിയുടെയും പ്രതീകമാണ്’ എന്ന് കൂട്ടിച്ചേർത്തു.

‘‘പുതിയ പാർലമെന്റ് മന്ദിരം. ഞങ്ങളുടെ പ്രതീക്ഷയുടെ പുതിയ ഭവനമാണ്. ഈ പുതിയ വീട് വളരെ വലുതായിരിക്കട്ടെ, അതിൽ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും രാജ്യത്തിന്റെ എല്ലാ കോണുകളിലും ഉള്ള എല്ലാവർക്കും ഇടമുണ്ട്. പുതിയ വീട് എല്ലാ ജാതിയിലും മതത്തിലും പെട്ട ആളുകളെയും ആശ്ലേഷിക്കട്ടെ. ജനാധിപത്യത്തിന്റെ ആത്മാവ് അതിന്റെ പുതിയ ഭവനത്തിൽ ദൃഢമായി നിലകൊള്ളട്ടെ’’– ഷാറുഖ് ഖാന്‍ ട്വീറ്റ് ചെയ്തു.

‘ഇന്ത്യയുടെ വളർച്ചയുടെ ചരിത്രത്തിന്റെ പ്രതീകം’ എന്നാണ് അക്ഷയ് കുമാർ വിശേഷിപ്പിച്ചത്. ഓരോ ഇന്ത്യക്കാരനും രാജ്യത്തിന്റെ പുരോഗതിയിൽ അഭിമാനിക്കുന്നതിനാൽ തനിക്ക് സന്തോഷം അടക്കാനാകില്ലെന്നും അദ്ദേഹം വിഡിയോയിൽ പറഞ്ഞു. ഡൽഹിയിലെ ബാല്യകാലം അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘‘ഞാൻ മാതാപിതാക്കളോടൊപ്പം ഇന്ത്യാ ഗേറ്റ് സന്ദർശിക്കുമ്പോൾ, ചുറ്റുമുള്ള മിക്ക കെട്ടിടങ്ങളും ബ്രിട്ടിഷുകാർ നിർമിച്ചതാണ്. എന്നാൽ ഇതൊരു പുതിയ ഇന്ത്യയാണ്. എന്റെ ഹൃദയം അഭിമാനത്താൽ നിറഞ്ഞിരിക്കുന്നു. പാർലമെന്റ് ജനാധിപത്യത്തിന്റെ ക്ഷേത്രവും പുതിയ ഇന്ത്യയുടെ പ്രതീകവുമാണ്. ഇന്ന് അഭിമാനത്തിന്റെ നിമിഷം’’.

‘‘തമിഴ് ശക്തിയുടെ പരമ്പരാഗത ചിഹ്നമായ ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ തിളങ്ങുമെന്നും പ്രധാനമന്ത്രിയോട് ആത്മാർഥമായ നന്ദി’’യെന്നും രജനികാന്ത് തമിഴിൽ ട്വീറ്റ് ചെയ്തു. ട്വീറ്റിനോട് തമിഴിൽ പ്രതികരിച്ച പ്രധാനമന്ത്രി, തമിഴ്‌നാടിന്റെ മഹത്തായ സംസ്‌കാരത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നുവെന്നും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here