ഒഡീഷയിലെ ബെര്‍ഹാംപുരില്‍ പെണ്‍ഭ്രൂണഹത്യാ സംഘം പൊലീസ് പിടിയിലായി. 13 അംഗ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ ആശാ വര്‍ക്കര്‍ ആണ്. അനധികൃത ലിംഗനിര്‍ണയവും ഗര്‍ഭച്ഛിദ്രവും നടത്തിവന്നിരുന്ന വമ്പന്‍ റാക്കറ്റാണിത്.
സ്വകാര്യ ലാബുകള്‍ നടത്തുന്നവരും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ആശാ വര്‍ക്കര്‍, നഴ്സിങ് സെന്റര്‍ നടത്തുന്നവരും ക്ലിനിക്കിലെ ജോലിക്കാരുമാണ് പിടിയിലായിരിക്കുന്നത്. ലാബ് ഉടമകള്‍, ആശുപത്രി ഉടമകള്‍ എന്നിവരുടെ സഹായത്തോടെയാണ് കേന്ദ്രം പ്രവര്‍ച്ചിരുന്നതെന്ന് എസ്പി പറഞ്ഞു. അള്‍ട്രാ സൗണ്ട് സ്‌കാനിങ് നടത്തുന്ന ഉപകരണവും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. 18,200 രൂപയും ഒരു മൊബൈല്‍ ഫോണും ഇവരുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തു.
രണ്ടര വര്‍ഷത്തിലേറെയായി ഈ കേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അറസ്റ്റിലായ ആശാ വര്‍ക്കര്‍ റിനാ പ്രധാന്‍ വ്യാഴാഴ്ച രണ്ട് ഗര്‍ഭിണികളെ കേന്ദ്രത്തില്‍ എത്തിച്ചിരുന്നതായും ഇതിന് ഇവര്‍ക്ക് കമ്മീഷന്‍ ലഭിച്ചതായും പൊലീസ് അറിയിച്ചു.
ബെര്‍ഹാംപുര്‍ സ്വദേശിയായ ദുര്‍ഗ പ്രസാദ് നായിക്കാണ് അങ്കുലി, ആനന്ദ് നഗറിലെ വീട്ടില്‍ അനധികൃത ലിംഗ നിര്‍ണയ പരിശോധന കേന്ദ്രം നടത്തിവന്നിരുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇയാളുടെ നേതൃത്വത്തില്‍ വമ്പന്‍ സംഘം പ്രവര്‍ത്തിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. കഴിഞ്ഞദിവസം ഉച്ചയോടെ ഇയാളുടെ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക്കില്‍ പോലീസ് റെയ്ഡിനെത്തിയപ്പോള്‍ 12 ഗര്‍ഭിണികള്‍ ലിംഗനിര്‍ണയത്തിനായി ഇവിടെയെത്തിയിരുന്നു.