ഐപിഎല്ലില്‍ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍,ബാംഗ്ലൂര്‍ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ 18.1 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. 60 പന്തില്‍ 106 റണ്‍സ് നേടിയ ഓപ്പണര്‍ ജോസ് ബട്ട്‌ലറുടെ പ്രകടനമാണ് രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായത്.ഇതുവരെ 824 റണ്‍സ് നേടിയ ബട്‌ലര്‍ 2016ല്‍ വിരാട് കോഹ്ലി നേടിയ നാല് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം എത്തി. പ്രസിദ്ധ് കൃഷ്ണയും ഒബെദ് മക്കോയും മൂന്ന് വിക്കറ്റെടുകള്‍ വീതമെടുത്ത് രാജസ്ഥാന്റെ ജയത്തിന് അടിത്തറ പാകി.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്‍ ജയിച്ചുകയറിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 2008 ന് ശേഷം രാജസ്ഥാന്‍ റോയല്‍സ് ഇതാദ്യമായാണ് ഐ.പി.എല്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. 2008-ലെ പ്രഥമ ഐ.പി.എല്‍ കിരീടം രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. അതിനുശേഷം 2013, 2015, 2018 സീസണുകളില്‍ പ്ലേ ഓഫിലെത്തിയെങ്കിലും ഫൈനല്‍ കാണാതെ പുറത്തായി. ഇതിഹാസ താരം ഷെയ്ന്‍ വോണിന് ശേഷം രാജസ്ഥാനെ ഫൈനലിലെത്തിക്കുന്ന ആദ്യ നായകന്‍ എന്ന നേട്ടം സഞ്ജു സ്വന്തമാക്കി. സഞ്ജുവിന്റെ മികച്ച ക്യാപ്റ്റന്‍സിയാണ് രാജസ്ഥാന് ഫൈനലിലേക്കുള്ള വഴിവെട്ടിയത്. രാജസ്ഥാന് വേണ്ടി ബൗളര്‍മാരും മികച്ച പ്രകടനം പുറത്തെടുത്തു.