തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. കൂടാതെ, വ്യാജ വീഡിയോ പ്രചാരണത്തില്‍ ജോ ജോസഫിന്റെ ഭാര്യക്കൊപ്പമാണ് താനെന്നും ഉമാ തോമസ് വ്യക്തമാക്കി.
‘വോട്ടര്‍മാരുടെ മനസ്സാണ് ഞാന്‍ കാണുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥി ആരാണെങ്കിലും അവരെ ബഹുമാനിക്കും. വ്യാജ വീഡിയോ പ്രചാരണത്തില്‍ ജോയുടെ ഭാര്യക്കൊപ്പമാണ്. എനിക്കെതിരേയും പ്രചാരണം ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി ഇവിടെ വന്ന് കഴിഞ്ഞപ്പോള്‍ പിടി തോമസിന്റെ മരണം പോലും സൗഭാഗ്യമായിട്ടാണ് കണ്ടത്. അദ്ദേഹത്തിന് സെഞ്ച്വറി അടിക്കാനാണ് അത്. അത് എത്ര വേദനയുണ്ടാക്കും എന്ന് എനിക്കറിയാം.’ ഉമാ തോമസ് പറഞ്ഞു.
പി ടിയെ സ്നേഹിച്ച, പി ടി സ്നേഹിച്ച ജനങ്ങള്‍ക്കറിയാം ഞങ്ങള്‍ ഏത് രീതിയിലാണ് ഇടപെട്ടിരിക്കുന്നതെന്ന്. പി ടി എങ്ങനെയായിരുന്നോ അതുപോലെ താന്‍ നില്‍ക്കുമെന്നതില്‍ സംശയമില്ലെന്നും ഉമ തോമസ് കൂട്ടിചേര്‍ത്തു.