കുന്നമംഗലം : വിദേശങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് പ്രവാസികളില്‍ നിന്ന് തന്നെ വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കം മനുഷ്യത്വ വിരുദ്ധവും പ്രവാസികളോടുള്ള നന്ദികേടുമാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി ഇ.പി. അന്‍വര്‍ സാദത്ത് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി കുന്നമംഗലത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജോലി നഷ്ടപ്പെട്ടവരും സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്നവരുമായ പ്രവാസികളാണ് ഇപ്പോള്‍ തിരിച്ചു വന്നു കൊണ്ടിരിക്കുന്നത്. പ്രവാസികള്‍ക്ക് സാധ്യമായ രീതിയില്‍ സൗജന്യ ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ വെല്‍ഫെയര്‍ പാര്‍ട്ടി സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. പ്രവാസി വെല്‍ഫെയര്‍ ഫോറം മണ്ഡലം കണ്‍വീനര്‍ എന്‍. അലി, ഫ്രറ്റെണിറ്റി മൂവ്‌മെന്റ് മണ്ഡലം കണ്‍വീനര്‍ എന്‍. ദാനിഷ്, വെല്‍ഫെയര്‍ പാര്‍ട്ടി കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാന്‍, കാസിം പടനിലം, പി.പി. മജീദ്, കെ.കെ. അബ്ദുല്‍ ഹമീദ്, ഇ. അമീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

