തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതില്‍ അതൃപ്തി അറിയിച്ച് സിപിഐ. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് ഇപി തുടരുന്നതിലും സിപിഐ നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇ പി ജയരാജനെതിരെ സിഐഎഎം നടപടിയെടുക്കുന്നത് കാക്കുകയാണ് സിപിഐ. ഇപി ജയരാജന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഇപി ജയരാജന്റെ കൂടിക്കാഴ്ചയില്‍ സിപിഐഎം നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. മുതിര്‍ന്ന നേതാക്കള്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കൂട്ടുകെട്ടുകളില്‍ ജാഗ്രത പുലര്‍ത്തണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. സമാനമായ പ്രതികരണം തന്നെയാണ് മുന്‍ ധനമന്ത്രിയും ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ ടി എം തോമസ് ഐസക്കും പ്രകടിപ്പിച്ചത്.