മുംബൈ: ബോളിവുഡ് നടി ജിയാ ഖാൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന നടനും സുഹൃത്തുമായ സൂരജ് പഞ്ചോളിയെ മുംബൈയിലെ പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തനാക്കി. തെളിവുകളുടെ അഭാവത്തിൽ സൂരജ് പഞ്ചോളി (32) യെ കുറ്റവിമുക്തനാക്കുന്നതായി സിബിഐ കോടതി ജഡ്ജി എ എസ് സയ്യിദ് ഉത്തരവിട്ടു. വിധി കേൾക്കാനായി സൂരജ് മാതാവും നടിയുമായ സെറീന വഹാബിനൊപ്പം കോടതിയിൽ എത്തിയിരുന്നു.
2013 ജൂൺ മൂന്നിനാണ് 25 കാരിയായ ജിയാ ഖാനെ മുംബൈയിലെ ജുഹുവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. ആറു പേജ് നീണ്ട യുവതിയുടെ ആത്മഹത്യാക്കുറിപ്പിൻ്റെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് താര ദമ്പതികളായ ആദിത്യ പഞ്ചോളി, സെറീന വഹാബ് എന്നിവരുടെ മകൻ സൂരജ് പഞ്ചോളിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നത്. 2013 ജൂണിലായിരുന്നു പോലീസ് സൂരജിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ജാമ്യം ലഭിച്ചതോടെ സൂരജ് ജയിൽ മോചിതനായി.
ജിയയെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി മാതാവ് റാബിയ ഖാൻ രംഗത്തെത്തിയിരുന്നു. ജിയ തൂങ്ങിമരിച്ചതല്ലെന്നും മരണം കൊലപാതകമാണെന്നുമായിരുന്നു റാബിയ ഖാൻ്റെ ആരോപണം. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടു റാബിയ ഖാൻ സമർപ്പിച്ച ഹർജി ബോംബൈ ഹൈക്കോടതി തള്ളിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് കോടതി ഇരു ഭാഗങ്ങളുടെയും അന്തിമവാദം പൂർത്തിയാക്കിയത്. തുടർന്ന് വിധി പറയാനായി മാറ്റുകയായിരുന്നു.