മണിപ്പൂർ മുഖ്യമന്ത്രി ബിരേന്‍ സിങ് പങ്കെടുക്കാനിരുന്ന ചടങ്ങിന്റെ വേദി കത്തിച്ച് ജനക്കൂട്ടം. ഇന്നലെ രാത്രി ചുരാചന്ദ്പുര്‍ ജില്ലയിലാണ് ആക്രമണം നടന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ഓപ്പണ്‍ ജിമ്മും സ്‌പോര്‍ട്‌സ് കോംപ്ലെക്‌സുമാണ് അഗ്നിക്കിരയാക്കിയത്.
അക്രമാസക്തരായ ജനക്കൂട്ടം ഇരിപ്പിടങ്ങൾ തകർക്കുകയും ഉദ്ഘാടനം ചെയ്യാനിരുന്ന ജിമ്മിലെ ഉപകരണങ്ങളടക്കം നശിപ്പിക്കുകയും ചെയ്തു. പോലീസ് ഉടന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചുവെങ്കിലും നൂറുകണക്കിനുപേര്‍ ഉള്‍പ്പെട്ടസംഭവം അതിനകം കനത്ത നാശനഷ്ടം വരുത്തുകയും ഉദ്ഘാടനവേദിക്ക് തീവെക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജില്ലയില്‍ മുഴുവന്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയെങ്കിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
ആക്രമ സംഭവങ്ങളെ തുടർന്ന് പ്രദേശത്ത് 144 പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും ചെയ്തു. പുതുതായി സ്ഥാപിച്ച ഓപ്പണ്‍ ജിമ്മും സ്‌പോര്‍ട്‌സ് കോംപ്ലക്‌സും ഭാഗികമായി കത്തിനശിച്ചു.പ്രാദേശിക ഗോത്രവര്‍ഗ നേതാക്കള്‍ക്കൊപ്പം സംഘടിച്ചെത്തിയാണ് ജനക്കൂട്ടം അക്രമം നടത്തിയതെന്നാണ് വിവരം. സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ സംരക്ഷിത വനങ്ങളുടെയും നീര്‍ത്തടങ്ങളുടെയും സര്‍വെ നടത്തുന്നതില്‍ പ്രതിഷേധിക്കുന്നവരാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം.

