പ്രഭാത സവാരിക്കിടെ വര്‍ക്കലയില്‍ അയിരൂര്‍ സ്വദേശി ശിവപ്രസാദിനെ വെട്ടിക്കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരിൽ ആറു പേരെ വെറുതെ വിട്ട് ഹൈക്കോടതി.ഡിഎച്ച്ആര്‍എം നേതാക്കള്‍ പ്രതികളായ കുപ്രസിദ്ധമായ കേസില്‍ പ്രതികളെ നേരത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആറുപേരെ ഹൈക്കോടതി വെറുതെവിട്ടത്. കീഴ്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയ്ക്കെതിരെ പ്രതികള്‍ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി. അതേസമയം കേസിലെ അഞ്ചാം പ്രതി സുധി നാരായണന്റെ ശിക്ഷ ഹൈക്കോടതി ശരിവച്ചു.ഡി.എച്ച്.ആര്‍.എം സംസ്ഥാന ചെയര്‍മാന്‍ ആലുവ സ്വദേശി സെല്‍വരാജ്, വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശി ദാസ്, കൊല്ലം പെരുമ്പുഴ സ്വദേശി ജയചന്ദ്രന്‍, ചെറുന്നിയൂര്‍ സ്വദേശി സജി (മധു), കൊല്ലം മുട്ടക്കാവ് ചേരി സ്വദേശി തൊടുവേ സുധി, വര്‍ക്കല സ്വദേശി സുധി, അയിരൂര്‍ സ്വദേശി പൊന്നുമോന്‍ (സുനില്‍) എന്നിവരാണ് പ്രതികള്‍.ബൈക്കിലും സ്‌കൂട്ടറിലുമായി രണ്ട് സംഘങ്ങളായി എത്തിയാണ് പ്രതികള്‍ കൊലപാതകത്തിന് ആസൂത്രണം ചെയ്തത്. സ്‌കൂട്ടര്‍ വഴിക്കുവച്ച് അപകടത്തില്‍പ്പെട്ടതോടെ ഒരു സംഘം മടങ്ങി. ക്ഷേത്ര ദര്‍ശനത്തിനു ശേഷം പ്രഭാത നടത്തത്തിനിറങ്ങിയ ശിവപ്രസാദിനെ അയിരൂര്‍ പോസ്റ്റ് ഓഫീസിനു സമീപം വഴിയിലിട്ട് കൊല്ലുകയായിരുന്നു.