കൂടൽമാണിക്യ ക്ഷേത്രത്തിൽ അഹിന്ദുവായതിനാല്‍ ഉത്സവത്തിലെ നൃത്തോത്സവത്തില്‍ നിന്നും നര്‍ത്തകിയെ ഒഴിവാക്കിയത് വിവാദത്തിന് വഴിയൊരുക്കിയതോടെ , സംഭവത്തില്‍ വിശദീകരണവുമായി കൂടല്‍ മാണിക്യക്ഷേത്രം ഭാരവാഹികള്‍. ക്ഷേത്ര മതില്‍ക്കെട്ടിന് ഉളളിലായതിനാലാണ് മന്‍സിയയെ പരിപാടിയില്‍ നിന്നൊഴിവാക്കിയതെന്ന് ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ പറഞ്ഞു.
പത്രത്തില്‍ പരസ്യം നല്‍കിയാണ് കലാപരിപാടികള്‍ ക്ഷണിച്ചത്. പത്ര പരസ്യത്തില്‍ ഹിന്ദുക്കളായ കലാകാരന്മാരാകണമെന്ന് പറഞ്ഞിരുന്നതാണ്. ക്ഷേത്ര മതിലിനകത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് പരിപാടികള്‍ നടത്തുന്നത്. അവിടെ തന്നെയാണ് കൂത്തമ്പലവും സ്ഥിതിചെയ്യുന്നത്.
നൂറുകണക്കിന് അപേക്ഷകളാണ് ഇത്തവണ വന്നത്. വിദഗ്ധ സമിതിയാണ് അപേക്ഷകരില്‍ നിന്നും കലാകാരന്മാരെ തെരഞ്ഞെടുക്കുന്നത്.നിലവിലെ ക്ഷേത്ര നിയമമനുസരിച്ച് അഹിന്ദുക്കളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്നും ഭരണസമിതി വ്യക്തമാക്കി. അഹിന്ദുവാണെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രത്തില്‍ നൃത്തപരിപാടിയില്‍ അവസരം നിഷേധിച്ചെന്ന് ആരോപിച്ച് നര്‍ത്തകിയായ മന്‍സിയ വി പിയാണ് രംഗത്തുവന്നത്. തൃശൂര്‍ കൂടല്‍ മാണിക്യ ക്ഷേത്രത്തിലാണ് മതപരമായ വിവേചനം നേരിട്ടതെന്നും, ഉത്സവത്തോടനുബന്ധിച്ചുള്ള നൃത്തോത്സവത്തില്‍ നിന്നും മാറ്റിനിര്‍ത്തിയതെന്നും മന്‍സിയ ആരോപിച്ചു.