രാജ്യത്ത് ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ പൗരത്വ ഭേദഗതി നിയമം അടുത്ത മാസം മുതൽ നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ പ്രത്യേക വകുപ്പുകൾ ഉൾക്കൊളളുന്ന നിയമമാണ് സിഎഎ. പൗരത്വത്തിന് അപേക്ഷ നൽകുന്നതിനുളള പ്രത്യേക പോർട്ടൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്.സിഎഎ ചട്ടങ്ങൾ തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ തയ്യാറാണെന്നും സിഎഎ നടപ്പാക്കിയതിന് ശേഷമുള്ള നടപടികൾ ചെയ്യാൻ എല്ലാ സംസ്ഥാനങ്ങളും തയ്യാറാകണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.അതേസമയം നേരത്തെ കേന്ദ്ര സർക്കാർ സിഎഎ പാർലമെന്‍റിൽ പാസാക്കിയപ്പോൾ അസം, പശ്ചിമ ബംഗാൾ, മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവടങ്ങളിൽ വ്യാപകമായ അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ സിഎഎ നടപ്പിലാക്കിയാൽ ഈ സംസ്ഥാനങ്ങളിൽ വീണ്ടും അക്രമങ്ങൾ രൂക്ഷമാകാനുളള സാധ്യതയുണ്ടെന്നാണ് ഏജൻസികളിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ.നിയമം നടപ്പിലാക്കിയതിന് ശേഷം അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും വൃത്തങ്ങൾ അറിയിച്ചു. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പൊലീസും അർധസൈനിക സേനയും.