വ്യായാമത്തിന്റെ ഇടവേളയിൽ ഭക്ഷണം കഴിയ്ക്കുന്നതിനിടെ ബ്രെഡ് തൊണ്ടയിൽ കുടുങ്ങി ബോഡി ബിൽഡർ ശ്വാസംമുട്ടി മരിച്ചു. സേലം ജില്ലയിലെ പെരിയ കൊല്ലപ്പട്ടി സ്വദേശിയായ എം ഹരിഹരൻ (21) എന്ന യുവാവാണ് മരിച്ചത്. കടലൂർ ജില്ലയിലെ വടല്ലൂരിൽ നടക്കുന്ന സംസ്ഥാനതല ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായുള്ള പരിശീലനത്തിലായിരുന്നു ഹരിഹരൻ. 70 കിലോ താഴെയുള്ള വിഭാഗത്തിലാണ് ഹരിഹരൻ മത്സരിക്കാൻ തയ്യാറെടുത്തിരുന്നത്.ഞായറാഴ്ച രാത്രി എട്ടുമണിയോടെ ഹരിഹരൻ വർക്കൗട്ട് ചെയ്യുകയായിരുന്നു.
ബ്രേക്ക് എടുത്ത് ബ്രെഡ് കഴിച്ചപ്പോൾ ഒരു വലിയ കഷണം തൊണ്ടയിൽ കുടുങ്ങി. ശ്വസിക്കാൻ കഴിയാതെ പെട്ടന്ന് മയങ്ങി വീഴുകയായിരുന്നു. തുടർന്ന് സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.