കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യയുടേത് മോശം പ്രകടനമെന്ന് ഓസ്ട്രേലിയയിലെ ലോവി ഇന്‍സ്റ്റ്യൂട്ട്. കൊവിഡിനെ പ്രതിരോധിക്കുന്ന രാജ്യങ്ങളില്‍ 86ാം സ്ഥാനമാണ് ഇന്ത്യക്കെന്ന് ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പട്ടികയില്‍ ശ്രീലങ്ക,ബംഗ്ലാദേശ്, പാക്കിസ്ഥാന് എന്നീ രാജ്യങ്ങള്‍ ഇന്ത്യക്ക് മുകളിലാണ്. കൊവിഡിനെ പ്രതിരോധിക്കുന്ന ഏറ്റവും മികച്ച രാജ്യം ന്യൂസിലന്റ് ആണ്. ഏറ്റവും മോശം പ്രകടനം ബ്രസീലിന്റേതാണ്. കണക്കുകള്‍ പുറത്തുവിടാത്തതിനാല്‍ ചൈനയെ ഒഴിവാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം, രാജ്യത്തെ കൊവിഡ് കേസുകളില്‍ 70 ശതമാനം കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് പറഞ്ഞു. ഇന്ത്യയില്‍ ഇതുവരെ 153 ജനിതകമാറ്റം വന്ന വൈറസ് ബാധിത കേസുകള്‍ സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു.
രോഗവ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഇന്ന് മുതല്‍ കൂടുതല്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തും. ആര്‍ടിപിസിആര്‍ പരിശോധനകള്‍ കുറച്ചതാണ് കേരളത്തില്‍ മാത്രം കൊവിഡ് സാഹചര്യം രൂക്ഷമാക്കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമെന്ന് വിദഗ്ധര്‍ പറയുന്നു. ഒന്‍പത് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി പത്ത് കടന്നു. ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി. രാജ്യത്ത് മറ്റെല്ലാ സംസ്ഥാനങ്ങളിലും രോഗപ്പകര്‍ച്ച കുത്തനെ കുറയുമ്പോഴാണ് കേരളത്തില്‍ സ്ഥിതി ഗുരുതരമാകുന്നത്.

