പാല സീറ്റിനെ ചൊല്ലി ഒരു തര്‍ക്കവും നിലനില്‍ക്കുന്നില്ലെന്നും മാണി സി. കാപ്പന്‍ മുന്നണി വിടില്ലെന്നും മന്ത്രി ഇ. പി ജയരാജന്‍. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ പാലാ സീറ്റ് സംബന്ധിച്ച് ഉറച്ച നിലപാടുമായാണ് എന്‍.സി.പി രംഗത്തെത്തിയിരിക്കുന്നത്. പാലാ സീറ്റ് ഒരു തരത്തിലും വിട്ടു നല്‍കില്ലെന്നാണ് സിറ്റിംഗ് എം.എല്‍.എ കൂടിയായ മാണി സി. കാപ്പന്‍ പറഞ്ഞത്.
അതേസമയം, കാപ്പൻ്റെയടക്കം പരസ്യ പ്രസ്താവനകളിൽ സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചെങ്കിലും പാലായിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് എൻസിപി നിലപാട്. ഇന്നലെ ചേർന്ന മുന്നണി യോഗത്തിൽ പാലാ സീറ്റ് ഉയർത്താൻ എൻസിപി തയ്യാറെടുത്തെങ്കിലും സീറ്റ് വിഭജനം അജണ്ടയിൽ ഉൾപ്പെടുത്തിയില്ല. യോഗത്തിന് ശേഷം പുറത്തിറങ്ങി വന്ന എൻസിപി അദ്ധ്യക്ഷൻ ടി പി പീതാംബരൻ പാലാ സീറ്റിൽ അവകാശവാദം ആവർത്തിച്ചിരുന്നു.
പാലാ സീറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ കാപ്പന്‍ മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. കാപ്പനെ മുന്നണിയലേക്ക് ക്ഷണിച്ച് യു.ഡി.എഫും രംഗത്തെത്തിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ആദ്യമായാണ് എല്‍.ഡി.എഫ് പരസ്യമായി പ്രതികരിക്കുന്നത്.

