അടിമാലി: ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി എന്ന് സംശയത്തിൽ ആദിവാസി യുവാവ് ആത്മഹത്യ ചെയ്തു. വാളറ കുളമാം കുഴി ആദിവാസി കോളനിയിലെ കർണൻ (26) ആണ് തൂങ്ങി മരിച്ചത്. അടിമാലി ഒഴുവത്തടത്താണ് സംഭവം. മദ്യ ലഹരിയിൽ വീട്ടിലെത്തിയ കർണൻ, വാക്ക് തർക്കത്തിനിടെ തൻറെ കൈയിലിരുന്ന തോർത്ത് മുണ്ട് ഭാര്യ സിനിയുടെ കഴുത്തിൽ മുറുക്കി. പെട്ടെന്ന് ശ്വാസം കിട്ടാതായ സിനി ബോധരഹിതയായി തളർന്ന് വീണു.
സിനി തളർന്ന് വീണതോടെ ഭയന്ന് പോയ കർണൻ, സിനി മരിച്ചതായി തെറ്റിദ്ധരിച്ചു. തുടർന്ന് ഇയാൾ വനത്തിലേക്ക് ഓടിപ്പോയി. ഇതിനിടെ വീട്ടിലെത്തിയ സിനിയുടെ ബന്ധുക്കൾ സിനിയെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് കർണ്ണന് വേണ്ടി നടത്തിയ അന്വേഷണത്തിനിടെയാണ് ഇയാൾ വനത്തിനുള്ളിലെ കൂറ്റൻ മരത്തിൽ തൂങ്ങി നിൽക്കുന്നതായി കണ്ടത്. ബന്ധുക്കളെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 9 മാസം ഗർഭിണിയാണ് സിനി. ഇവരുടെ ആദ്യത്തെ കുട്ടിയാണ് ഗർഭാവസ്ഥയിലുള്ളത്.
കുടുംബവഴക്കിനെ തുടർന്ന് മദ്യപിച്ചെത്തുന്ന കർണ്ണൻ ഭാര്യ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കളും പൊലീസും പറയുന്നു. നിർവധി തവണ ഇയാളെ ആക്രമണങ്ങളിൽ നിന്നും പിൻ തിരിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. കർണ്ണൻറെ ഉപദ്രവങ്ങളെ കുറിച്ച് സിനി പുറത്ത് പറയാറില്ലായിരുന്നു. എന്നാൽ, സ്ഥിരമായി വീട്ടിൽ നിന്നും ബഹളം കേട്ട് ചെല്ലുന്ന ബന്ധുക്കളും അയൽവാസികളും ഇയാളെ പലപ്പോഴും ഉപദേശിച്ചിരുന്നെങ്കിലും ഇയാൾ മദ്യപാനം ഉപേക്ഷിക്കുകയോ വീട്ടിൽ ബഹളം വയ്ക്കുന്നത് നിർത്തുകയോ ചെയ്തില്ലെന്ന് ബന്ധുക്കൾ പറയുന്നു. അടിമാലി പൊലീസ് വീട്ടിലെത്തി മേൽ നടപടികൾ സ്വീകരിച്ചു.