ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ദിനം മഴ കാരണം വൈകുന്നു. കളി നടക്കുന്ന സെഞ്ചൂറിയനിൽ കനത്ത മഴ തുടരുകയാണ് ഇതോടെ രണ്ടാം ദിനം ആദ്യ സെഷൻ പൂർണമായും നഷ്ടപ്പെട്ടു. താരങ്ങൾ ഉച്ചഭക്ഷണത്തിനു പിരിഞ്ഞു. മഴ മാറിയാലും ഔട്ട്‌ഫീൽഡിലെ നനവ് മറ്റൊരു പ്രശ്‌നമാകുന്നത് കൊണ്ട്] തന്നെ ഇന്ന് കളി നടക്കാനുള്ള സാധ്യത വളരെ വിരളമാണ്.
ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ശക്തമായ നിലയിലാണ്. 122 റൺസ് നേടി പുറത്താവാതെ നിൽക്കുന ഓപ്പണർ കെഎൽ രാഹുലിന്റെ മികവിൽ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് എന്ന നിലയിലായിരുന്നു.
ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് ലുനിസാനി എങ്കിഡിയാണ്.
ഗംഭീര തുടക്കമാണ് കെഎൽ രാഹുലും മായങ്ക് അഗർവാളും ചേർന്ന് ഇന്ത്യക്ക് നൽകിയത്. ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് ഒരു അവസരവും നൽകാതെ മുന്നേറി 117 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ട് പടുത്തുയർത്തി സഖ്യം . 60 റൺസെടുത്ത അഗർവാളിനെ പുറത്താക്കിയ ലുങ്കിസാനി എങ്കിഡിയാണ് ഈ കൂട്ടുകെട്ട് തകർത്തത്. തൊട്ടടുത്ത പന്തിൽ ചേതേശ്വർ പൂജാര (0) ഗോൾഡൻ ഡക്കായി.
മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ വിരാട് കോലി രാഹുലിനൊപ്പം ചേർന്നു. മെല്ലെയെങ്കിലും സ്കോർ ഉയർത്തിയ സഖ്യം 82 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 35 റൺസ് നേടിയ കോലിയെ പുറത്താക്കിയ എങ്കിഡി തന്നെയാണ് വീണും ദക്ഷിണാഫ്രിക്കയുടെ രക്ഷക്കെത്തിയത്. ഓഫ് സ്റ്റമ്പിനു പുറത്തുകൂടി പോകുന്ന പന്തിൽ ബാറ്റ് വച്ച കോലി സ്ലിപ്പിൽ പിടികൊടുത്ത് മടങ്ങുകയായിരുന്നു.
നാലാം വിക്കറ്റിൽ ഒത്തുചേർന്ന രാഹുൽ-രഹാനെ സഖ്യവും മികച്ച ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. ഇതിനിടെ രഹുൽ സെഞ്ചുറിയിലെത്തി. ബൗണ്ടറി ഷോട്ടുകളുമായി ബാറ്റിംഗ് ആരംഭിച്ച രഹാനെ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയത്. സെഞ്ചുറിക്ക് പിന്നാലെ രാഹുലും ഇടക്കിടെ ബൗണ്ടറികൾ കണ്ടെത്തിയതോടെ റൺ നിരക്കുയർത്താനും ഇന്ത്യക്ക് സാധിച്ചു. രാഹുൽ-രഹാനെ സഖ്യം നാലാം വിക്കറ്റിൽ അപരാജിതമായ 73 റൺസിൻ്റെ കൂട്ടുകെട്ടാണ് ഉയർത്തിയിരിക്കുന്നത്. രാഹുലിനൊപ്പം രഹാനെയും (40) ക്രീസിൽ തുടരുകയാണ്.