സംസ്ഥാനത്തെ കോൺഗ്രസിൽ തൽക്കാലം നേതൃമാറ്റമുണ്ടാവില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പരിശോധിക്കും. അന്തിമറിപ്പോർട്ട് ഹൈക്കമാന്‍റിന് കൈമാറുമെന്നും താരിഖ് അൻവർ വ്യക്തമാക്കി. യുഡിഎഫ് ഘടകകക്ഷികളുമായി ചർച്ച നടത്തുമെന്ന് പറഞ്ഞ താരിഖ് അൻവർ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവയ്ക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നും, ഇക്കാര്യം ചർച്ച നടത്താമെന്നും പറഞ്ഞു.
കെപിസിസിയിൽ എത്തിയ താരിഖ് അൻവർ രാഷ്ട്രീയകാര്യസമിതി അംഗങ്ങളെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കാണുകയാണ്. നാളെ ഘടകകക്ഷി നേതാക്കളുമായും താരിഖ് അൻവർ കൂടിക്കാഴ്ച നടത്തും. എംഎൽഎമാരെയും എംപിമാരെയും താരിഖ് അൻവർ നേരിട്ട് കാണുന്നുണ്ട്. മുല്ലപ്പള്ളിയുമായി രാവിലെ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് താരിഖ് അൻവർ കെപിസിസിയിൽ എത്തിയിരിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം മുല്ലപ്പള്ളിയോട് പ്രതികരണം തേടിയെങ്കിലും എല്ലാ യോഗങ്ങൾക്കും ശേഷം പ്രതികരിക്കാമെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍റെ മറുപടി.
‘രാഹുൽ ഗാന്ധിയെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ, കേരളത്തിൽ കോൺഗ്രസിലെ ഗ്രൂപ്പിസം അവസാനിപ്പിക്കൂ’, എന്നൊക്കെയുള്ള പോസ്റ്ററുകൾ താരിഖ് അൻവർ വന്ന ദിവസം ഇന്ദിരാഭവന് മുന്നിലടക്കം പൊങ്ങിയിരുന്നു. തിരുവന്തപുരത്തെ പാളയത്ത് എംഎൽഎ ഹോസ്റ്റലിന് സമീപം നഗരമധ്യത്തിൽത്തന്നെ കെ സുധാകരനെ കെപിസിസി പ്രസിഡന്‍റാക്കണമെന്നാവശ്യപ്പെട്ട് ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ഗ്രൂപ്പിസത്തിനെതിരായ പോസ്റ്ററുകൾ കെപിസിസിക്ക് മുന്നിൽ വച്ചത്. ഇതിനിടെ പത്തനംതിട്ട, തൃശ്ശൂർ ഡിസിസി ഓഫീസുകൾക്ക് മുന്നിലും കെ സുധാകരൻ അനുകൂല ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു. സേവ് കോൺഗ്രസ് എന്ന പേരിലുള്ള ബോർഡുകളിൽ ‘കെ സുധാകരൻ വരട്ടെ, പോരാടാൻ നമ്മൾ തയ്യാർ’ എന്ന മുദ്രാവാക്യങ്ങളുമുണ്ട്. കെപിസിസി അധ്യക്ഷനെ തൽക്കാലം മാറ്റേണ്ടതില്ലെന്നാണ് കേന്ദ്രനിലപാട്. നിയമസഭാതെരഞ്ഞെടുപ്പിന് ഇനി മാസങ്ങളേയുള്ളൂ. ഇതിനിടെ സംസ്ഥാനനേതൃത്വത്തിൽ മാറ്റങ്ങൾ വന്നാൽ അത് തിരിച്ചടിയാകുമെന്നാണ് കേന്ദ്രനേതൃത്വം നിലപാടെടുത്തത്.