ഇന്ത്യൻ യുവത്വത്തിന്റെ പ്രതികരണശേഷി പ്രതീക്ഷയും അഭിമാനവും -മന്ത്രി ഇ.പി ജയരാജൻ
ഐക്യവും സാഹോദര്യവും ശിഥിലീകരിക്കാനുള്ള ശ്രമങ്ങളുണ്ടായപ്പോൾ നോക്കിനിൽക്കാതെ പ്രതികരിച്ച ഇന്ത്യൻ യുവത്വം പ്രതീക്ഷയും അഭിമാനവുമാണെന്ന് വ്യവസായ, കായിക-യുവജനകാര്യ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. സംസ്ഥാനതല കേരളോത്സവം 2019 ന്റെ ഉദ്ഘാടനം ടാഗോർ തീയറ്ററിൽ നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാ, കായികരംഗത്തെ കഴിവുകളിലൂടെ യുവജനങ്ങളെ ആകെ ഏകോപിപ്പിക്കാൻ കേരളോത്സവത്തിന് കഴിയുമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യവും സാഹോദര്യവും അപകടപ്പെടുമ്പോൾ സ്വാതന്ത്ര്യ സമരത്തെ അനുസ്മരിപ്പിക്കുംവിധമാണ് ഇന്ത്യൻ യുവത അണിനിരന്നത്. അവർക്ക് ഈ നാടിനെ രക്ഷിക്കാൻ കഴിയും. ഇപ്പോൾ ഇന്ത്യയിലെ കോളേജുകൾ പ്രതികരണശേഷിയുടെ കേന്ദ്രങ്ങളാണ്. ഒരുതരം ശിഥിലീകരണവും കേരളത്തിൽ അനുവദിക്കില്ല. യുവജനതയുടെ പ്രതികരണശേഷി പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ കേരളം കണ്ടതാണ്. യുവജനങ്ങൾ കലാ, കായിക കഴിവുകൾ വളർത്തിയെടുത്ത് അത് നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തണം. ലക്ഷ്യബോധത്തോടെ ചിന്തിച്ചുയരുന്ന നാടിന്റെ സൃഷ്ടിക്ക് ഇത്തരം മത്സരങ്ങൾ സഹായമാകുമെന്ന് അദ്ദേഹം പറഞ്ഞു.
നാടിനെ ഐക്യപ്പെടുത്താനുള്ള ചുമതല യുവാക്കൾ ഏറ്റെടുക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച തദ്ദേശസ്വയംഭരണമന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. അവസരങ്ങൾ ലഭിക്കാതെ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയാത്തവർക്ക് കേരളോത്സവം മികച്ച വേദിയാണ്. ഇത്രയേറെ ജനപങ്കാളിത്തത്തോടെയുള്ള കലാ, കായികമേള ഇന്ത്യയിൽ വേറെയില്ല. നാമെല്ലാം ഒന്നാണെന്ന് വിളിച്ചോതാൻ കേരളോത്സവം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സർഗാവിഷ്‌കാരങ്ങൾ കൂടുതൽ ശക്തിയോടെ പ്രകാശിപ്പിച്ചായിരിക്കണം ആവിഷ്‌കാര സ്വാതന്ത്ര്യം തടയാൻ ശ്രമിക്കുന്നവർക്ക് മറുപടി നൽകേണ്ടതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നമ്മുടെ സംസ്‌കാരവും കലകളും തിരിച്ചറിയാൻ കേരളോത്സവം വേദിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം, യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു, കെ.എ.എൽ ചെയർമാൻ കരമന ഹരി, നർത്തകി നീനാ പ്രസാദ്, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, യുവജനക്ഷേമ ബോർഡ് അംഗം സന്തോഷ് കാല, മെമ്പർ സെക്രട്ടറി മിനിമോൾ എബ്രഹാം, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ.എസ്. ചന്ദ്രികാദേവി, ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. രാംദാസ് തുടങ്ങിയവർ സംബന്ധിച്ചു. 12 വേദികളിലായി 6500 ഓളം കലാ-കായിക പ്രതിഭകളാണ് 29 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കേരളോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.