മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിയുമായി ബന്ധപ്പെട്ട് കേരളത്തോട് വിശദീകരണം തേടി കേന്ദ്രം ഐ.എഫ്.എസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത വിവരം എന്തുകൊണ്ട് അറിയിച്ചില്ലെന്ന് കേന്ദ്രം ചോദിച്ചു.. സസ്പെൻഷനുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് അയച്ച നോട്ടീസിൽ കേന്ദ്രം ആവശ്യപ്പെട്ടു. 24നാണ് കേന്ദ്രം കത്തയച്ചത്.സിവിൽ സർവീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം സംസ്ഥാന സർക്കാരിനുണ്ടെങ്കിലും അത് കേന്ദ്രത്തെ അറിയിക്കേണ്ടതുണ്ട്. സസ്പെൻഷൻ കാലാവധി നീട്ടുകയാണെങ്കിലും കേന്ദ്ര പഴ്സണൽ മന്ത്രാലയത്തെ അറിയിക്കണം.
ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ കേന്ദ്ര ഫോറസ്റ്റ് ഐജിയെ സർക്കാർ കൃത്യമായി അറിയിച്ചില്ല. സസ്‌പെൻഡ് ചെയ്ത വിവരം 48 മണിക്കൂറിനുള്ളിൽ അറിയിച്ചിരിക്കണമെന്നാണ് ചട്ടം. എന്നാൽ വിവരം അറിഞ്ഞത് മാധ്യങ്ങളിലൂടെയാണെന്നാണ് കേന്ദ്രം പറഞ്ഞു.
30 ദിവസത്തിലധികം സസ്‌പെൻഷൻ നീളുകയാണെങ്കിൽ കേന്ദ്രത്തിന്റെ അനുമതി വാങ്ങണം. അതിലേറെ നീളുകയാണെങ്കിൽ വേറെയും അനുമതി വാങ്ങണമെന്നിരിക്കെ പ്രാഥമിക നടപടി പോലും സംസ്ഥാന സർക്കാർ പാലിച്ചിട്ടില്ല
നവംബർ 11ന് ആണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്തത്. ബെന്നിച്ചൻ തോമസ് അഖിലേന്ത്യാ സർവീസ് ചട്ടം ലംഘിച്ചെന്നും, സർക്കാരിന്റെ പ്രഖ്യാപിത നിലപാടിനെതിരെ പ്രവർത്തിച്ചെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ബെന്നിച്ചനെ സസ്പെൻഡ് ചെയ്യാൻ മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.