കര്‍ഷക പ്രതിഷേധം ശക്തമാകുന്നതിനിടെ ട്വിറ്ററിലൂടെ കര്‍ഷകര്‍ക്കൊപ്പം അണിനിരന്ന് ജനങ്ങളും.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ട്വിറ്ററില്‍ Iamwithfarmer എന്ന ഹാഷ് ടാഗില്‍ ട്വീറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
” ഈഗോ സത്യവുമായി പോരാടുമ്പോള്‍ പരാജയപ്പടുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി മനസിലാക്കണം. സത്യത്തിന് വേണ്ടിയുള്ള കര്‍ഷകരുടെ യുദ്ധത്തെ ഈ ലോകത്തെ ഒരു സര്‍ക്കാരിനും തടയാന്‍ കഴിയില്ല.
കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് മോദി സര്‍ക്കാര്‍ ഈ കരിനിയമം എടുത്ത് കളയുക തന്നെ വേണം.”
എന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പറഞ്ഞു.
രാജ്യത്തിന് ഭക്ഷണം തരുന്ന കര്‍ഷകരെ വടികൊണ്ടും പൈപ്പുകൊണ്ടും അടിച്ചാണ് മോദി സര്‍ക്കാര്‍ നേരിടുന്നതെന്നും നിരവധി പേര്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശം തരുമ്പോള്‍ സര്‍ക്കാരിന് അതെങ്ങനെ തടയാന്‍ കഴിയുമെന്നും നിരവധി പേര്‍ ചോദിക്കുന്നുണ്ട്.
ഇതിനോടകം 42,000ത്തിലധികം പേരാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി Iamwithfarmer ഹാഷ് ടാഗില്‍ മാത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.
വ്യാഴാഴ്ചയും കര്‍ഷക സമരത്തിന് പിന്തുണയുമായി നിരവധി പേര്‍ ട്വിറ്ററില്‍ രംഗത്തെത്തിയിരുന്നു.
ഭരണഘടനാ ദിനത്തില്‍ തന്നെ കര്‍ഷകരെ അടിച്ചമര്‍ത്തുന്ന കേന്ദ്രത്തിന്റെ നയങ്ങള്‍ക്കെതിരെയാണ് ട്വിറ്ററില്‍ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തുവന്നത്.
സമാധാനപരമായി പ്രതിഷേധിക്കാന്‍ അവകാശമുള്ള കര്‍ഷകരെ ജലപീരങ്കി ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന ബി.ജെ.പിയുടെ നയത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തിയിരുന്നു.