കോഴിക്കോട് : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബഹുജനങ്ങളെ അണി നിരത്തി ഗവർണറുടെ ജനാധിപത്യവിരുദ്ധ നടപടികളെ നേരിടുമെന്ന് കാനം രാജേന്ദ്രൻ പ്രതികരിച്ചു. ഗവർണറെ ഉപയോഗിച്ച് സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ഉൾപ്പെടുന്ന എൻഡിഎ ശ്രമിക്കുന്നതെന്നും കാനം കുറ്റപ്പെടുത്തി. ദേശ സ്നേഹത്തിന്റെ ശതമാനം അളക്കാനുള്ള പണി ഗവർണറെ ഏൽപ്പിച്ചില്ലെന്നും കാനം തുറന്നടിച്ചു. മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ സിപിഐയിലേക്കെന്ന പ്രചാരണത്തോടും കാനം പ്രതികരിച്ചു. എസ് രാജേന്ദ്രൻ സിപിഐയിലേക്ക് വരുന്ന കാര്യം സിപിഐ സെക്രട്ടറിയായ ഞാനറിഞ്ഞിട്ടില്ലെന്നാണ് കാനം പരിഹസിച്ചത്.
ഗവർണറും സർക്കാരും തമ്മിലെ പോര് ഇടത് മുന്നണി തന്നെ ഏറ്റെടുത്തതോടെ വിഷയം കൂടുതൽ സങ്കീർണ്ണമാകുകയാണ്. വിസിമാർക്ക് പിന്നാലെ മന്ത്രിയെ തന്നെ ഗവർണർ ലക്ഷ്യം വച്ചതോടെയാണ് ഇടഞ്ഞ് നിന്ന എൽഡിഎഫ് നേതൃത്വം ഗവർണർക്കെതിരെ കടുത്ത നിലപാടുമായി രംഗത്തെത്തിയത്. ഗവർണർ വട്ടപൂജ്യമെന്ന് പറഞ്ഞ് തുടങ്ങിയ നേതാക്കൾ ചാൻസിലർ പദവിയിൽ നിന്ന് അദ്ദേഹത്തെ മാറ്റുമെന്ന സൂചനയും നൽകുന്നു.
അതിനിടെ, പ്രീതി പിൻവലിക്കാൻ ഗവർണർ ആധാരമാക്കിയ പ്രസംഗത്തെ ന്യായീകരിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ രംഗത്തെത്തി. ഗവർണർ ചൂണ്ടിക്കാട്ടുന്നത് പോലെ രാജ്യദ്രോഹക്കുറ്റമായി കണക്കാൻ പറ്റുന്ന ഒന്നല്ല പ്രസംഗമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സർക്കാറും പ്രതിപക്ഷവും. ഗവർണറുടെ അധികാരത്തെ കുറിച്ചുള്ള മിക്ക കേസുകളിലും ജനകീയ സർക്കാറുകൾക്ക് അനുകൂലമാണ് കോടതി വിധികളെന്ന ആത്മവിശ്വാസവും സർക്കാറിനുണ്ട്.
പക്ഷെ പ്രീതി പിൻവലിച്ച ഗവർണറുടെ നടപടി അസാധാരണ നിയമയുദ്ധത്തിന് വഴിതെളിക്കാനിടയുണ്ടെന്ന് സർക്കാർ കരുതുന്നു. ഗവർണർ പ്രീതി പിൻവലിച്ച മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിച്ചാൽ എന്താകും സ്ഥിതിയെന്നതിനെ കുറിച്ച് സർക്കാർ ഇതിനോടകം നിയമവിദഗ്ധരുമായി കൂടിയാലോചന തുടങ്ങിക്കഴിഞ്ഞു. ഇത് ഭരണഘടനാ ബെഞ്ച് വരെ നീളാവുന്ന കേസായി വരെ മാറാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ.
അതേ സമയം പ്ളഷർ പിൻവലിച്ചത് വ്യക്തിപരമല്ലെന്നും വിശദമായ പരിശോധനക്ക് ശേഷമാണെന്നും രാജ്ഭവൻ വിശദീകരിക്കുന്നു. രാഷ്ട്രീയനേതാക്കൾക്ക് ഗവർണറെ വിമർശിക്കാം. പക്ഷെ ഗവർണർ നിയമിച്ച മന്ത്രിമാർക്ക് പറ്റില്ലെന്നാണ് നിലപാട്. മുഖ്യമന്ത്രിയുടെ ഉപദേശത്തിനൊപ്പം മന്ത്രിക്ക് തുടരാൻ ഗവർണറുടെ പ്രീതി നിർബന്ധമാണെന്ന് ആവർത്തിക്കുന്ന രാജ്ഭവൻ തുടർനീക്കങ്ങളിൽ സസ്പെൻസ് തുടരുകയാണ്.