പി.വി അൻവർ എം.എൽ.എയ്ക്ക് സർക്കാരിൽ നിന്നും വഴി വിട്ട സഹായം ലഭിക്കുന്നു എന്നാരോപിച്ച് വീണ്ടും കോടതിയെ സമീപിക്കാൻ ഒരുങ്ങി പരാതിക്കാരൻ. പി.വി അൻവറിന്റെ കൈവശമുള്ള അനധികൃത ഭൂമി പൂർണ്ണമായും തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരനായ കെ.വി ഷാജി വീണ്ടും കോടതിയെ സമീപിക്കുന്നത്. അടുത്ത ആഴ്ച മിച്ച ഭൂമിക്കേസ് കോടതി വീണ്ടും പരിഗണിക്കുമ്പോൾ സർക്കാരിന്റെ ഭാഗത്ത് നിന്നുളള വീഴ്ചകൾ കോടതിയെ ബോധിപ്പിക്കാനാണ് കെ.വി ഷാജിയുടെ തീരുമാനം.പരാതിക്കാൻ നൽകിയ പ്രമാണങ്ങളിൽ പലതും പരിശോധിച്ചിട്ടില്ല. ഭൂമി വിട്ടുനൽകുന്നതിൽ ഇളവ് ലഭിക്കാനായി അൻവർ നൽകിയ രേഖകളിൽ പലതും വ്യാജമാണെന്നും പരാതിക്കാരൻ ആരോപിച്ചു. 2017ൽ മിച്ചഭൂമി ഏറ്റെടുക്കാൻ കോടതി ഉത്തരവ് ഇട്ടെങ്കിലും രണ്ടു തവണ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചതിനെ തുടർന്നാണ് പി.വി അൻവർ എം.എൽ.എയുടെ ഭൂമിയെക്കുറിച്ച് ലാന്റ് ബോർഡ് അന്വേഷണം തുടങ്ങിയത്. ഈ കാലയളവിൽ 17 തവണ ലാൻഡ്ബോർഡ് ചെയർമാനെ സ്ഥലം മാറ്റുകയും ചെയ്തു. പരാതിയോടൊപ്പം നൽകിയ രേഖകൾ പരിശോധിക്കുകയല്ലാതെ ലാൻ്ബോർഡ് സ്വന്തം നിലയിൽ അന്വേഷണമൊന്നും നടത്തിയില്ലെന്ന് പരാതിക്കാരനായ കെ.വി ഷാജി ആരോപിച്ചു.ഇതെല്ലാം പി.വി. അൻവർ എം.എൽ.എക്ക് സർക്കാറിൽ നിന്നും വഴിവിട്ട സഹായം ലഭിക്കുന്നതിന് തെളിവാണെന്നും പരാതിക്കാരൻ പറഞ്ഞു. പി.വി അൻവർ ഇത് വരെ സ്വന്തം ഭൂമിയെ സംബന്ധിച്ച ഡിക്ലറേഷൻ നൽകിയിട്ടില്ലെന്നും ലാന്റ് ബോർഡ് സ്വന്തം നിലയിൽ അനധികൃത ഭൂമി കണ്ടെത്താൻ ഒരു നടപടിയും എടുത്തിട്ടില്ലെന്നും ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും കെ.വി ഷാജി പറഞ്ഞു. ഭൂപരിധി നിയമങ്ങൾ ലംഘിച്ച് പി.വി അൻവർ കൈവശം വെച്ച ആറേകാൽ ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ ഇന്നലെ ലാന്റ് ബോർഡ് ഉത്തരവിട്ടിരുന്നു. അതേസമയം 54 ഏക്കറിലധികം ഭൂമി അൻവർ അനധികൃതമായി കൈവശം വെച്ചിട്ടുണ്ടെന്നാണ് പരാതിയിൽ പറഞ്ഞത്.