ശ്രിനഗര്‍ : ജമ്മുകശ്മീരില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ 35 ലധികം പേര് മരിച്ചു. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ ഉണ്ടായ മണ്ണിടിച്ചിലില്‍ മാത്രം 31 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. താവി ചനാബ് നദികളില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. താവി നദിക്ക് കുറുകെ ഉണ്ടായിരുന്ന പാലത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയി. കുടുങ്ങിക്കിടന്ന 3500ലധികം ആളുകളെ രക്ഷപ്പെടുത്തി. കനത്ത മഴ റോഡ് റെയില്‍ ഗതാഗതത്തെ ബാധിച്ചു.
കഴിഞ്ഞ ദിവസമാണ് വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാ വഴിയില്‍ മണ്ണിടിച്ചിലിലുണ്ടായത്. 31 പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്ഷേത്രത്തിലേക്കുള്ള പാത തകര്‍ന്നുകിടക്കുകയാണ്. പാലങ്ങളും വൈദ്യുതി ലൈനുകളും മൊബൈല്‍ ടവറുകളും തകര്‍ന്നു.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം, എന്‍ഡിആര്‍എഫ് (ദേശീയ ദുരന്ത നിവാരണ സേന), എസ്ഡിആര്‍എഫ് (സംസ്ഥാന ദുരന്ത നിവാരണ സേന), ജമ്മു പോലീസ്, ഷ്രൈന് ബോര്‍ഡ് ജീവനക്കാര്‍ അടക്കം സംയുക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര നിര്‍ത്തിവെച്ചതായും പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ തീര്‍ത്ഥാടകര്‍ യാത്ര തുടങ്ങരുതെന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

