പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ നടപടികളുമായി മുന്നോട്ട് പോകാമെന്ന് പൊലീസിന് നിയമോപദേശം. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം പൊലീസ് എടുത്ത കേസിൽ ഐപിസി 338 പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യുന്നതും കുറ്റപത്രം സമർപ്പിക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ പൊലീസിന് സ്വീകരിക്കാനാകും. രണ്ടുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണു ചുമത്തുക. ജില്ലാ ഗവ. പ്ലീഡർ ആൻഡ് പ്രോസിക്യൂട്ടർ കെ.എൻ.ജയകുമാറാണ് ഇതു സംബന്ധിച്ച നിയമോപദേശം അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളജ് എസിപി കെ.സുദർശന് നൽകിയത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാല്‍, ഈ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ബോർഡ് തള്ളിയിരുന്നു.
പന്തീരാങ്കാവ് മലയില്‍ക്കുളങ്ങര അഷ്‌റഫിന്റെ ഭാര്യ ഹര്‍ഷിനക്ക് 2017 നവംബര്‍ 30നായിരുന്നു മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പ്രസവ ചികിത്സക്ക് ശേഷം ഹര്‍ഷിനക്ക് ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടിരുന്നു. നിരവധി ചികിത്സകള്‍ തേടിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മാസങ്ങള്‍ക്ക് ശേഷം നടത്തിയ സ്‌കാനിംഗിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.