സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ എറണാകുളം ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിൻ്റെ വിമർശനം.എറണാകുളം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് വിമർശനം.കൊച്ചിയില്‍ ഡി.ഐ.ജി. ഓഫീസിലേക്ക് സി.പി.ഐ. നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് ലാത്തിവീശിയതും അതേക്കുറിച്ചുള്ള കാനം രാജേന്ദ്രന്റെ വിമര്‍ശനവും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അന്ന് മൂവാറ്റുപുഴ എം.എല്‍.എ. ആയിരുന്ന എല്‍ദോ എബ്രഹാമിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ജില്ലാ നേതൃത്വത്തെ കാനം സംരക്ഷിച്ചില്ലെന്ന ആക്ഷേപം അന്ന് അവര്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയവും പ്രതിനിധികൾ വിലയിരുത്തി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ വി തോമസ് എത്തിയത് എൽഡിഎഫിന് തിരിച്ചടിയായെന്ന് എറണാകുളം സിപിഐ ജില്ലാ സമ്മേളനം കുറ്റപ്പെടുത്തുന്നു. എൽഡിഎഫിന്റെ മൂല്യധിഷ്ഠിത രാഷ്ട്രീയത്തിന് എതിരായ തീരുമാനമായാണ് കെവി തോമസെത്തിയതിനെ വോട്ടർമാർ കണ്ടതെന്നും സിപിഐ യോഗം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിസഭാ തീരുമാനങ്ങളെയും വിമർശിച്ച് എറണാകുളം സിപിഐ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. സിൽവർ ലൈൻ വിഷയത്തിലടക്കം സർക്കാരിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തലാണ് സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിലുണ്ടായത്. സിൽവർ ലൈൻ പദ്ധതി നടപ്പാക്കിയ രീതി ശരിയല്ലെന്നും ഇത് ജനങ്ങൾക്കിടയിൽ പ്രതിഷേധം ക്ഷണിച്ചുവരുത്തിയെന്നും പ്രവർത്തന റിപ്പോർട്ടിൽ വിമർശിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും റിപ്പോർട്ടിൽ വിമർശനമുയർന്നു. എല്ലാ വകുപ്പിന്റെയും നിയന്ത്രണം മുഖ്യമന്ത്രി കയ്യടക്കുകയാണെന്നാണ് സിപിഐ ഉയർത്തിയ വിമർശനം. സിപിഎമ്മും മുഖ്യമന്ത്രിയും മാത്രം തീരുമാനിച്ച് ഉന്നത ഉദ്യോഗസ്ഥ നിയമനങ്ങൾ അടക്കം നടത്തുന്നു. ഇത് മുന്നണി സംവിധാനത്തിന് ഗുണം ചെയ്യില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.