കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തില്‍പ്പെട്ട മൂന്നു പേര്‍ കൂടി പിടിയില്‍. കൊടുവള്ളി സംഘത്തില്‍പ്പെട്ട മുഖ്യപ്രതി കിഴക്കോത്ത് കൊടുവള്ളി ആവിലോറ സ്വദേശി പെരുച്ചാഴി ആപ്പു എന്ന പാറക്കല്‍ മുഹമ്മദ് (40), സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ വാവാട് ബ്രദേഴ്‌സ് ഗ്രൂപ്പ് തലവന്‍ സൂഫിയാന്റെ സഹോദരന്‍ കൊടുവള്ളി വാവാട് സ്വദേശി തെക്കേക്കണ്ണി പോയില്‍ ജസീര്‍ (31 ) ഇവര്‍ക്ക് ഒളിവില്‍ കഴിയാനും ഡല്‍ഹിയിലെ രഹസ്യ സങ്കേതത്തിലേക്ക് രക്ഷപ്പെടുത്തി കൊണ്ടുപോകാനും ശ്രമിച്ച കൊടുവള്ളി കിഴക്കോത്ത് അബ്ദുല്‍ സലീം (45 )എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പ്രതികള്‍ ഗോവയിലേക്ക് കടന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണ സംഘം അവിടെ എത്തി ഗോവന്‍ പോലീസിന്റെ സഹായത്തോടെ പിന്തുടര്‍ന്നെങ്കിലും ഇവര്‍ കര്‍ണാടകയിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് കര്‍ണാടക പോലീസിന്റെ സഹായത്തോടെ ബല്‍ഗാമില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. പ്രതികളെ ഇന്ന് രാവിലെ കൊണ്ടോട്ടിയില്‍ എത്തിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആപ്പുവിനും സംഘത്തിനും എതിരെ കൊലപാതകശ്രമം വഞ്ചന കേസുകള്‍ നിലവിലുണ്ട് .കൊല്ലം ജില്ലയിലെ കൊട്ടിയം പോലീസ് സ്റ്റേഷനില്‍ സാമ്പത്തിക ഇടപാടില്‍ വസ്തു എഴുതി വാങ്ങി ലോണെടുത്ത് തിരിച്ചടയ്ക്കാതെ വഞ്ചിച്ച കേസും കൊടുവള്ളി സ്റ്റേഷനില്‍ സ്വര്‍ണക്കടത്തും ഹവാല ഇടപാടുകളുമായി ഒന്നിലധികം വധശ്രമ കേസുകളും നിലവിലുണ്ട്. ഈ കേസില്‍ തന്നെ അറസ്റ്റിലായ കുപ്രസിദ്ധ കൊട്ടേഷന്‍ സംഘങ്ങളായ ശിഹാബ്, ജസീര്‍, നസീബ് എന്ന മോനു എന്നിവരോടൊത്ത് ഇവരുടെ സംഘത്തെ ഒറ്റിക്കൊടുത്ത് എന്നാരോപിച്ചു യുവാവിനെ വധിക്കാന്‍ ശ്രമിക്കുകയും മര്‍ദ്ദനത്തിന് ഇരയായ യുവാവിനെ വഴിയില്‍ ഉപേക്ഷിക്കുകയും അന്ന് രാത്രി ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച കേസും ഇതില്‍പ്പെടും. കുപ്രസിദ്ധ ക്രിമിനല്‍ കോടാലി ശ്രീധരന്റെ മകനെ തട്ടിക്കൊണ്ടുവന്ന് മര്‍ദ്ദിച്ചതിന് ശേഷം ആണ് ഗുണ്ടാ നേതാവായി ഇയാള്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
ഇയാളുടെ ഹവാല ഇടപാടുകളും മറ്റും വിവിധ ഏജന്‍സികള്‍ നിരീക്ഷിച്ചുവരികയാണ്. വയനാട്ടില്‍ വച്ച് ഇയാളുടെ സംഘത്തില്‍നിന്ന് മൂന്നുകോടി രൂപയും തോക്കും പിടികൂടിയതിന് ബത്തേരി സ്റ്റേഷനില്‍ കേസുണ്ട്. 21-ാം തിയ്യതി ഇയാള്‍ ഉള്‍പ്പെട്ട സംഘം കരിപ്പൂരില്‍ എത്തിയത് വ്യാജ നമ്പര്‍ ഘടിപ്പിച്ച വാഹനത്തിലായിരുന്നു. തോക്ക് അടക്കമുള്ള ആയുധങ്ങളുമായിട്ടാണ് സംഘമെത്തിയത് എന്നും സൂചനയുണ്ട്. അര്‍ജ്ജുന്‍ ആയങ്കിയും സംഘവും വന്ന വാഹനത്തിനു നേരെ സോഡാ കുപ്പി എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത് ഇവരുടെ സംഘമായിരുന്നു. ആയുധങ്ങളും വാഹനവും കണ്ടെത്തുന്നതിന് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഒരേസമയം സ്വര്‍ണ്ണക്കടത്തുകാരന്‍ ആയും സ്വര്‍ണ്ണകവര്‍ച്ചക്കാരന്‍ ആയും ഹവാല പണം ഇടപാടുകാരന്‍ ആയും അത് കവര്‍ച്ച ചെയ്യുന്നവനായും പോലീസിന് തലവേദനയായിരുന്ന ആപ്പുവിനെ പിടികൂടിയത് വലിയ നേട്ടമായി പോലീസ് കരുതുന്നു.
ഇയാള്‍ക്കെതിരെയും മറ്റു ക്രിമിനലുകള്‍ക്കെതിരേയും ‘കാപ്പ’ അടക്കമുള്ള നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് പോലീസ് തീരുമാനം . കൊടുവള്ളിയിലും ബാംഗ്ലൂരിലും വയനാട്ടിലെ ചില റിസോര്‍ട്ടുകളിലും ഇവര്‍ക്ക് തട്ടിക്കൊണ്ടുപോകുന്ന വരെ ദിവസങ്ങളോളം പാര്‍പ്പിച്ചു ക്രൂരമായി മര്‍ദ്ദിക്കുന്നതിനുള്ള സങ്കേതങ്ങള്‍ ഉള്ളതായി ചോദ്യംചെയ്യലില്‍ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് സാമ്പത്തികമായും, രക്ഷപ്പെടുന്നതിന് ട്രയിന്‍ ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ എടുത്തു നല്‍കൂന്നവരെയും, ഇവര്‍ക്ക് ഉപയോഗിക്കാന്‍ വ്യാജ sim card കള്‍ എടുത്തു നല്‍കിയവരും ഒളിവില്‍ കഴിയാനുള്ള ഒത്താശ ചെയ്യുന്ന റിസോര്‍ട്ട് നടത്തിപ്പുകാരെ ഉള്‍പ്പെടെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇവര്‍ക്കെതിരേയും നിയമനടപടികള്‍ എടുക്കാനുള്ള നീക്കത്തിലാണ് പോലീസ് സംഘം. 21-ാം തിയ്യതി കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും തട്ടികൊണ്ടു പോയ മൊയ്തീന്‍കുട്ടിയെ ഇത്തരത്തില്‍ കൊടുവള്ളിയിലെ രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന സമയത്താണ് അഞ്ചു പേര്‍ മരണപ്പെട്ട അപകടത്തെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന് അയാളെയും കൊണ്ട് മഞ്ചേരിയില്‍ ശിഹാബിന്റെ സുഹൃത്ത് ഫൈസലിന്റെ ഫ്‌ലാറ്റിലേക്ക് പോയി മര്‍ദ്ദിക്കുകയായിരുന്നു. ആപ്പുവിന്റെ വീടിനു ചുറ്റും CCTV ക്യാമറകളടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ‘ഇയാളുടെ വീട്ടില്‍ പോലീസ് അന്വേഷിച്ചു ചെല്ലുമ്പോള്‍ തന്നെ ഒളി സങ്കേതത്തില്‍ ഇരുന്ന് മൊബൈലില്‍ പോലീസിന്റെ നീക്കങ്ങള്‍ കാണത്തക്ക രീതിയില്‍ ആണ് സിസിടിവി സജ്ജീകരിച്ചിട്ടുള്ളത്. ഇയാളെ അന്വേഷിച്ച് വീട്ടില്‍ ചെന്ന കാരണത്താല്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും സംഘത്തില്‍ പെട്ട ഉദ്യോഗസ്ഥരുടെ വീട്ടുകാരെ തട്ടിക്കൊണ്ടു പോകുമെന്നും ആക്രമിക്കുമെന്നും മേലാല്‍ പിറകെ വന്നാല്‍ വിവരമറിയും എന്നും അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ അതിനെതിരെ പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. ഒളിവില്‍ കഴിയുമ്പോള്‍ ഇവര്‍ ആഡംബര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിച്ചും, ആഡംബര വാഹനങ്ങളില്‍ സഞ്ചരിച്ചും പോലീസിനെ വെല്ലുവിളിച്ചു കഴിയുകയായിരുന്നു. വിലകൂടിയ ഐ ഫോണുകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ഇവരുടെ പലരുടെയും കൈവശത്തു നിന്നും നിരവധി sim card കളും പിടിച്ചെടുത്തിട്ടുണ്ട്. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവരെ പിടികൂടിയത്.
ഈ കേസിലെ മറ്റു പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ് മറ്റു സംസ്ഥാനങ്ങളിലാണ് ഉള്ളത്. ഇതോടെ ഈ കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം 38 ആയി. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇവരെ കസ്റ്റഡിയില്‍ വാങ്ങും. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS ന്റ നേതൃത്വത്തില്‍ കൊണ്ടോട്ടി DyടP അഷറഫ് പ്രത്യേക അന്വേഷണ സംഘങ്ങളായ കരിപ്പൂര്‍ ഇന്‍സ്പക്ടര്‍ ഷിബു, വാഴക്കാട് si നൗഫല്‍, ശശി കുണ്ടറക്കാട്, സത്യനാഥന്‍ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണന്‍, P സഞ്ജീവ്, Asi ബിജു സൈബര്‍ സെല്‍ മലപ്പുറം, കോഴിക്കോട് റൂറല്‍ പോലീസിലെ സുരേഷ്.V.K , രാജീവ് ബാബു, കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിലെ ഒ. മോഹന്‍ ദാസ്, ഹാദില്‍ കുന്നുമ്മല്‍, ഷഹീര്‍ പെരുമണ്ണ, si മാരായ സതീഷ് നാഥ്, അബ്ദുള്‍ ഹനീഫ, ദിനേശ് കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്