മീമീ ആപ്പ് വഴി മത്സ്യോത്പന്നങ്ങള്‍ വാങ്ങാം; തുടക്കത്തില്‍ കൊല്ലം ജില്ലയില്‍
മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ മത്സ്യവും അനുബന്ധ ഉത്പന്നങ്ങളും ഇനി വാങ്ങാം. മീമീ എന്നു പേരിട്ട ആപ്പിന്റെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം ആനി ഉത്പന്നം ഏറ്റുവാങ്ങി. കടല്‍ മത്സ്യവും ഉള്‍നാടന്‍ മത്സ്യങ്ങള്‍ക്കുമൊപ്പം 20ഓളം മൂല്യവര്‍ധിത ഉത്പന്നങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. തുടക്കത്തില്‍ കൊല്ലം ജില്ലയിലാണ് ആപ്പിന്റെ സേവനം ലഭിക്കുക. തുടര്‍ന്ന് ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിലും ഉത്പന്നങ്ങള്‍ വീടുകളിലെത്തിച്ചു നല്‍കും. കൊല്ലത്ത് ഇതിനായി 12 കിയോസ്‌ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. കിയോസ്‌ക്കുകളില്‍ മികച്ച ശീതീകരണ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പുതിയ സംരംഭത്തിലൂടെ കൂടുതല്‍ യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനാവുമെന്നാണ് കരുതുന്നത്. കൊല്ലം ശക്തികുളങ്ങര ഫിഷ് പ്രോസസിംഗ് പ്ളാന്റില്‍ സൗരോര്‍ജ സംവിധാനം വഴി മത്സ്യം അണുമുക്തമാക്കി ഉണക്കി വിപണിയിലെത്തിക്കുന്ന സംവിധാനത്തിനും തുടക്കമായി. ഫിഷറീസ് ഡയറക്ടര്‍ ആര്‍. ഗിരിജ, തീരദേശ വികസന കോര്‍പറേഷന്‍ എം. ഡി പി. ഐ. ഷേക്ക് പരീത് എന്നിവര്‍ സംബന്ധിച്ചു.
പി.എന്‍.എക്സ്. 2948/2021
ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ‘ബി’ ഗ്രേഡ് പരീക്ഷ: അപേക്ഷ ക്ഷണിച്ചു
കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ 2021 ഡിസംബറില്‍ നടത്തുന്ന ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ‘ബി’ ഗ്രേഡ് പരീക്ഷയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാഫോറവും മറ്റു വിവരങ്ങളും ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍മാരുടെ കാര്യാലയങ്ങളിലും, www.ceikerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ മതിയായ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 30ന് വൈകുന്നേരം അഞ്ചു മണിക്കകം സെക്രട്ടറി, കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ്, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്, ശാന്തിനഗര്‍, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ ലഭിക്കണം. ന്യൂനതയുള്ളതും വൈകി കിട്ടുന്നതുമായ അപേക്ഷകള്‍ മറ്റൊരു അറിയിപ്പ് കൂടാതെ നിരസിക്കും.
പി.എന്‍.എക്സ്. 2950/2021
പോളിടെക്നിക് ഡിപ്ലോമ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2021-22 അദ്ധ്യയന വര്‍ഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റും ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് www.polyadmission.org എന്ന വെബ് സൈറ്റില്‍ ആപ്ലിക്കേഷന്‍ നമ്പറും, ജനന തിയതിയും നല്‍കി ‘Trial Rank Details, Trial allotment details’ എന്നീ ലിങ്കുകള്‍ വഴി അവരവരുടെ ട്രയല്‍ റാങ്കും ലഭിക്കാന്‍ സാധ്യതയുള്ള അലോട്ട്മെന്റും പരിശോധിക്കാം. ഓണ്‍ലൈനായി ഓപ്ഷനുകളില്‍ മാറ്റം വരുത്താനും, അപേക്ഷകളില്‍ തിരുത്തലുകള്‍ നടത്താനും സെപ്റ്റംബര്‍ രണ്ടിന് വൈകിട്ട് അഞ്ചുമണിവരെ സമയമുണ്ട്. ഓണ്‍ലൈന്‍ തിരുത്തലുകള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നവരും മറ്റ് സംശയ നിവാരണങ്ങള്‍ക്കും ഏറ്റവും അടുത്തുള്ള ഗവ./എയ്ഡഡ് പോളിടെക്നിക് കോളേജിലെ ഹെല്‍പ് ഡെസ്‌ക്കുമായി ബന്ധപ്പെടണം. ട്രയല്‍ റാങ്ക് ലിസ്റ്റ് അന്തിമമല്ലാത്തതിനാല്‍ അപേക്ഷകന് അന്തിമ റാങ്ക് ലിസ്റ്റിലോ അലോട്ട്മെന്റ് ലിസ്റ്റിലോ റാങ്കോ പ്രവേശനമോ ഉറപ്പ് നല്‍കുന്നില്ല.
പി.എന്‍.എക്സ്. 2951/2021
കെല്‍ട്രോണില്‍ ഡിപ്ലോമ കോഴ്സുകള്‍
കെല്‍ട്രോണിന്റെ പാലക്കാടുള്ള നോളജ്‌സെന്ററില്‍ സെപ്റ്റംമ്പര്‍ ഒന്നിന് തുടങ്ങുന്ന ഗ്രാഫിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ് ടെക്‌നിക്‌സ്, കംപ്യൂട്ടര്‍ ഹാര്‍ഡ്യെര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് ഡിപ്ലോമ കോഴ്‌സുകളുടെ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ksg.keltron.in, 8590605273, 9847597587.
ട്യൂട്ടര്‍ ടെക്‌നീഷ്യന്‍ അഭിമുഖം 6ന്
കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജില്‍ ഡിപ്ലോമ ഇന്‍ റെസ്പിറേറ്ററി ടെക്‌നോളജി കോഴ്‌സില്‍ ട്യൂട്ടര്‍ ടെക്‌നീഷ്യന്‍ നിയമനത്തിന് കൂടിക്കാഴ്ച നടത്തുന്നു. റെസ്പിറേറ്ററി ടെക്‌നോളജി അല്ലെങ്കില്‍ റെസ്പിറേറ്ററി തെറാപ്പിയില്‍ ഡിപ്ലോമ/ പോസ്റ്റ് ഗ്രാജുവെറ്റ് ഡിപ്ലോമ/ ഡിഗ്രിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെപ്തംബര്‍ ആറിന് രാവിലെ 11 മണിക്ക് കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഒരു വര്‍ഷത്തേക്കാണ് നിയമനം. ദിവസവേതനം 600 രൂപ. ഫോണ്‍ : 0495 2350216, 2350200.
ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് നിയമനം
കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സിലെ ഓട്ടിസം പദ്ധതിയിലേക്ക് ഒക്യുപേഷണല്‍ തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്. ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി
ഡിഗ്രി ഉളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സെപ്തംബര്‍ എട്ടിന് വൈകീട്ട് നാല് മണിക്കകം ഓട്ടിസം പ്രൊജക്റ്റ്, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് – 673008 എന്ന വിലാസത്തിലോ imhans.autism@gmail.com എന്ന
മെയിലിലോ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495892703.
റെയില്‍വേ ലെവല്‍ ക്രോസ് അടച്ചു
അറ്റകുറ്റപ്പണികള്‍ക്കായി പൊയില്‍കാവിലെ എലത്തൂര്‍ – കൊയിലാണ്ടി 198ാം നമ്പര്‍ റെയില്‍വേ ലെവല്‍ ക്രോസ് അടച്ചതായി ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു. ആഗസ്റ്റ് 29ന് വൈകീട്ട് ആറുവരെയാണ് നിയന്ത്രണം. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതിനാല്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിടണം.
ആസാദി കാ അമൃത് മഹോത്സവ് : ഫ്രീഡം റണ്‍ ഇന്ന്
സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നെഹ്‌റു യുവ കേന്ദ്ര കോഴിക്കോട് എന്‍എസ്എസ് യൂണിറ്റുമായി ചേര്‍ന്ന് ഇന്ന് (ആഗസ്റ്റ് 28) രാവിലെ 9.15 ന് കോഴിക്കോട് ബീച്ചില്‍ ആകാശവാണിക്കു സമീപം ഫ്രീഡം റണ്‍ സംഘടിപ്പിക്കുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
ജൈവ കീടരോഗ നിയന്ത്രണോപാധികളും വളങ്ങളും വില്‍പനക്ക്
കാര്‍ഷിക സര്‍വ്വകലാശാലയുടെ വിവിധ ജൈവ കീടനിയന്ത്രണോപാധികള്‍, ജീവാണു വളങ്ങള്‍, ജൈവ വളങ്ങള്‍ എന്നിവ വേങ്ങേരിയിലെ കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍ വില്‍പനക്ക്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ചു സസ്യങ്ങളുടെ വളര്‍ച്ച കൂട്ടുന്ന സ്യൂഡോമോണാസ്, ട്രൈക്കോഡെര്‍മ, പത്തു ഗ്രോ ബാഗിന് ആവശ്യമായ എല്ലാ വളക്കൂട്ടുകളും അടങ്ങിയ ഏക കിറ്റ്, മീലിമൂട്ട, നിമാവിരകള്‍ എന്നിവയ്ക്ക് എതിരെയുള്ള പോച്ചോണിയ, പെസീലിയോമൈസസ്, ജൈവ പൊട്ടാഷ് വളമായ ബയോപൊട്ടാഷ്, ബ്യൂവേറിയ, പച്ചക്കറിക്കുള്ള മൈക്രോ ന്യൂട്രിയന്റ് മിക്‌സ് സമ്പൂര്‍ണ, പച്ചക്കറി വിത്തുകളായ ചീര,വെണ്ട, പാവല്‍, പടവലം, മത്തന്‍, വള്ളിപ്പയര്‍, വഴുതന, പീച്ചില്‍, കമ്പോസ്റ്റ് വളങ്ങള്‍, മാവിനും പച്ചക്കറികള്‍ക്കും ഉള്ള കായീച്ചക്കെണി, നീരൂറ്റിക്കുടിക്കുന്ന പ്രാണികള്‍ക്ക് എതിരെയുള്ള ജൈവകീടനാശിനി രക്ഷ, ചിപ്പി കൂണ്‍ വിത്ത്, വിവിധ വിളകളെ സംബന്ധിച്ചുള്ള സര്‍വകലാശാല പുസ്തകങ്ങള്‍ എന്നിവ ഇവിടെ നിന്നും ലഭിക്കും. കേരള കാര്‍ഷിക സര്‍വകലാശാല ഉല്‍പ്പന്നങ്ങളായ നാരങ്ങ -പൈനാപ്പിള്‍-പപ്പായ -ഉണക്കമാങ്ങ അച്ചാറുകള്‍, മാങ്ങ- പൈനാപ്പിള്‍-ഇഞ്ചി-പാഷന്‍ ഫ്രൂട്ട് -പച്ചമാങ്ങാ സ്‌ക്വാഷുകളും മഞ്ഞള്‍പൊടി, ചുക്കുപൊടി എന്നിവയും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2935850.
മെഡിക്കല്‍ ഓഫീസര്‍ നിയമനം
കോഴിക്കോട് ദേശീയ ആരോഗ്യദൗത്യത്തിനു കീഴില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 2021 ആഗസ്റ്റ് ഒന്നിന് 62 വയസ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് 30ന് വൈകീട്ട് അഞ്ചിനകം https://docs.google.com/forms/d/e/1FAIpQLSeyG6E4dBeLwMA7kcmQRaaK3bKFO36RCVigpE8qJDAVYopEtw/viewform?vc=0&c=0&w=1&flr=0 ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യദൗത്യത്തിന്റെ www.arogyakeralam.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ബീഡി – സിനിമാ തൊഴിലാളികള്‍, ചുണ്ണാമ്പുകല്ല്- ഡോളമൈറ്റ് ഖനി തൊഴിലാളികള്‍ എന്നിവരുടെ മക്കള്‍ക്ക് ഈ അധ്യയന വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്കാണ് അര്‍ഹത. അപേക്ഷകര്‍ക്ക് ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷയും വിശദവിവരങ്ങളും scholarships.gov.in ല്‍ ലഭിക്കും. പ്രീ മെട്രിക്ക് സ്‌കോളര്‍ഷിപ്പിന് നവംബര്‍ 15നും പോസ്റ്റ് മെട്രിക്കിന് നവംബര്‍ 30നും മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. സ്‌കൂള്‍, കോളേജ് മേധാവികള്‍ scolaships.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കുട്ടികളുടെ അപേക്ഷകള്‍ സാക്ഷ്യപ്പെടുത്തി ഡിസംബര്‍ 15 നകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്താത്ത അപേക്ഷകള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കില്ല.
സ്വയംതൊഴില്‍ വായ്പ
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സ്വയംതൊഴില്‍ വായ്പാ പദ്ധതികള്‍ക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിന് കോഴിക്കോട് ജില്ലയില്‍ നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 60,000 രൂപ മുതല്‍ 4,00,000 രൂപ വരെയാണ് വായ്പാ തുക. 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയുള്ള വായ്പകള്‍ക്ക് 4% മുതല്‍ 7% വരെയാണ് പലിശ നിരക്ക്. അപേക്ഷകര്‍ 18 നും 55നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. താല്പര്യമുള്ളവര്‍ വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനുമായി കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0495 2767606, 9400068511.
വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
കേരള കര്‍ഷക തൊഴിലാളിക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 അദ്ധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. 2021 മാര്‍ച്ച് മാസത്തില്‍ സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളില്‍നിന്നും ആദ്യ അവസരത്തില്‍ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അവസാനവര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.
നിശ്ചിത ഫോമില്‍ പൂരിപ്പിച്ച അപേക്ഷ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ക്ക് സെപ്തംബര്‍ ഏഴിന് വൈകീട്ട് മൂന്ന് മണി വരെ സമര്‍പ്പിക്കാം. അപേക്ഷിക്കുന്ന അംഗം വിദ്യാര്‍ത്ഥിയുടെ പരീക്ഷ തീയതിക്ക് തൊട്ടുമുമ്പുള്ള മാസത്തില്‍ 12 മാസത്തെ അംഗത്വകാലവും ഡിജിറ്റലൈസേഷന്‍ നടപടികളും പൂര്‍ത്തീകരിച്ചിരിക്കണം. പരീക്ഷ തീയതിയില്‍ അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ അംശാദായ കുടിശ്ശിക ഉണ്ടായിരിക്കാന്‍ പാടില്ല. ഫോമിന്റെ മാതൃകയും മറ്റു വിവരങ്ങളും കോഴിക്കോട് ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും www.agriworkersfund.org എന്ന വെബ് സൈറ്റിലും ലഭ്യമാണ്. മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം. അംഗവും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന് മറ്റു രേഖകളുടെ അഭാവത്തില്‍ റേഷന്‍ കാര്‍ഡ് ഹാജരാക്കാം.
പുതുക്കിയ മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദ്ദേശം
കേരള – ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ 27-08-2021 മുതല്‍ 30-08-2021 വരെ തീയ്യതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും, മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേല്‍പറഞ്ഞ തീയ്യതികളില്‍ മത്സ്യതൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല.
പ്രത്യേക ജാഗ്രത നിര്‍ദേശം
27-08-2021 മുതല്‍ 31-08-2021 വരെ: തെക്ക് പടിഞ്ഞാറന്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെയും ചില അവസരങ്ങളില്‍ 60 കി.മീ വരെയും വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേല്‍ പറഞ്ഞ ദിവസങ്ങളില്‍ പ്രസ്തുത പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.