ഭൂമിയില്‍ പച്ചപ്പ് ഒരുക്കാനും പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ടും ഹരിത കേരളം മിഷന്റെയും കോഴിക്കോട് കോര്‍പ്പറേഷന്റെയും നേതൃത്വത്തില്‍ ഗോവിന്ദപൂരം വി. കെ കൃഷ്ണമേനോന്‍ സ്മൃതിവനത്തില്‍ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുത്തുനില്‍ക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് പച്ചത്തുരുത്ത്. കോഴിക്കോട് കോര്‍പ്പറേഷന്‍ വികസനകാര്യ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ പി.സി രാജന്‍ തൈനടല്‍ കര്‍മ്മം നിര്‍വഹിച്ചു. പച്ചത്തുരുത്ത് നിര്‍മ്മാണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. നഗരാസൂത്രണ സമിതി ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറുമായ എം. സി അനില്‍കുമാര്‍ അധ്യക്ഷനായി ചടങ്ങില്‍, കുടുംബശ്രീ പ്രൊജക്റ്റ് ഓഫീസര്‍ റംസി അഹമ്മദ് സ്വാഗതം പറഞ്ഞു. മാവ്, നെല്ലി, ലക്ഷ്മി തരു, പ്ലാവ് തുടങ്ങിയ വ്യത്യസ്ത ഇനം തൈകളാണ് നട്ടത്. കോഴിക്കോട് കോര്‍പ്പറേഷന്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ധ വാര്‍ഡ് കൗണ്‍സിലര്‍മാരായ എം. പി രമണി, പി.പി ഷാഹിദ, ഷിംന, വിവേകാനന്ദന്‍ (മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ), കുര്യാക്കോസ് (ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ) എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അറിയിച്ചു. തൊഴിലുറപ്പ് ഓവര്‍സിയര്‍ റിഷാന ചടങ്ങിന് നന്ദി അറിയിച്ചു. ഹരിതകേരളം മിഷന്‍ പ്രതിനിധികള്‍ കീര്‍ത്തന പി.എന്‍ ഷിബിന്‍.കെ, ജെസിലിന്‍ പി.കെ, ആഗ്‌നേയ് ജെ.പി, അയ്യങ്കളി തൊഴിലുറപ്പ് തൊഴിലാളികള്‍, സമീപവാസികള്‍, ജനപ്രതിനിധികള്‍, എന്നിവര്‍ പങ്കെടുത്തു.