കോഴിക്കോട്∙ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്ക് തകരാറിലായ സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയത് വിഐപി സെക്യൂരിറ്റി നിയമത്തിന്റെ ഭാഗമായാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. എൽഡിഎഫിന്റെ ‘മണിപ്പുരിനെ രക്ഷിക്കൂ’ പ്രതിഷേധ കൂട്ടായ്മ മുതലക്കുളം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ കോൺഗ്രസ് എന്താണ് കാണിച്ചു കൂട്ടിയതെന്ന് അദ്ദേഹം ചോദിച്ചു. ‘‘കെപിസിസി പ്രസിഡന്റ് എന്താണ് എഴുതി വായിച്ചത്. മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ മാത്രമാണ് മുദ്രാവാക്യം മുഴക്കിയത്. എന്നിട്ടും ഉന്നത നിലവാരം പുലർത്തിയ മുഖ്യമന്ത്രിയെ പ്രശംസിക്കാനാണ് തനിക്കു തോന്നിയത്. ഉമ്മൻ ചാണ്ടി വിരുദ്ധ ഗ്രൂപ്പാണ് പ്രശ്നം ഉണ്ടാക്കിയത്. പണ്ട് ഡിസിസി ഓഫിസിൽ ബോംബുണ്ടാക്കാൻ നിർദേശം കൊടുത്ത ആളാണ് തിരുവനന്തപുരത്തുള്ളത്. ‘‘ഇടതുപക്ഷ നേതാക്കളെ നോക്കാൻ ഇടതുപക്ഷത്തിനറിയാം. കോൺഗ്രസിലെ നേതാക്കാൾ സൂക്ഷിച്ചില്ലെങ്കിൽ അനുഭവിക്കുമ്പോഴേ അറിയൂ’’– ഇ.പി.ജയരാജൻ പറഞ്ഞു.