സംസ്ഥാനത്ത് കൂടുതൽ മദ്യം ഉൽപാദിപ്പിച്ച് കൂടുതൽ ആളുകളിലേക്കെത്തിക്കുന്ന സംസ്ഥാന സർക്കാറിൻ്റെ പുതിയ മദ്യനയം മനുഷ്യത്വ വിരുദ്ധവും അതിക്രൂരവുമായതിനാൽ എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.
മനുഷ്യൻ്റെ ജീവനും സ്വത്തിന്നും സ്വര്യ ജീവിതത്തിനും ഭീഷണിയായിത്തീർന്നിട്ടുള്ള മദ്യം നിരോധിക്കേണ്ട സർക്കാർ മദ്യം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് കേരള ജനതയോടുള്ള വെല്ലുവിളിയാണ്.
പൂട്ടിക്കിടക്കുന്ന മദ്യഷാപ്പുകൾ തുറക്കുന്നു, ദൂരപരിധി കുറച്ച് ആരാധനാലയങ്ങൾക്കും ദേവാലയങ്ങൾക്കും അടുത്ത് ഷോപ്പുകൾ തുറക്കുന്നു. പുതിയ ഷോപ്പുകൾ തുടങ്ങാനായി നിയമത്തിൽ ഇളവ് വരുത്തുന്നു. ഇതെല്ലാം ചെയ്യുന്നത് ഘട്ടം ഘട്ടമായി മദ്യത്തിൻ്റെ ലഭ്യത ഇല്ലാതാക്കുമെന്ന് തിരഞ്ഞെടുപ്പ് സമയത്ത് ആവർത്തിച്ച് പറഞ്ഞ ഇടത് പക്ഷമാണെന്നത് സർക്കാർ മറക്കരുത്. ജനാധിപത്യമെന്നത് ജനങ്ങളുടെ അഭിപ്രായങ്ങൾക്ക് വിലകൽപ്പിക്കുന്ന ഭരണ സംവിധാനമാണ്.
നമ്മുടെ സംസ്ഥാനത്തിലെ മഹാഭൂരിപക്ഷവും മദ്യത്തിന്നെതിരാണ്. സത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ മദ്യപാനത്തിൻ്റെ പേരിൽ കഷ്ടപ്പെടുകയാണ്. ശക്തി കൂടിയ ലഹരി പദാർത്ഥങ്ങളുപയോഗിക്കുന്നവർ മദ്യമുപയോഗിച്ച് തുടങ്ങിയവരാണ്. അതിനാൽ തന്നെ പുതിയ മദ്യനയത്തിൽ നിന്ന് സർക്കാർ പിൻതിരിയണമെന്നും അല്ലാത്തപക്ഷം കക്ഷിഭേദമെന്യെ സമൂഹത്തിൻ്റെ എതിർപ്പുകളുണ്ടാവുമെന്നും മദ്യനിരോധന സമിതി രക്ഷാധികാരി കൂടിയായ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.