അബൂദാബിയില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്ത് പോലീസ്.സംഭവത്തില്‍ ഒരു യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു.
അബൂദാബിയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം മേലാറ്റൂര്‍ സ്വദേശി സഫുവാന്‍ (26) ആണ് 835 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്.
സ്വര്‍ണ്ണം വളരെ നേര്‍ത്ത പൊടിയാക്കിയ ശേഷം 3 കാപ്സ്യൂളുകള്‍ രൂപത്തില്‍ പാക്ക് ചെയ്ത് ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ ഒരു 50 ലക്ഷം വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.
ഇന്ന് രാവിലെ 8.30 മണിക്ക് അബൂദാബിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് (IX 718) വിമാനത്തിലാണ് ഇയാള്‍ കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 10.00 മണിക്ക് വിമാത്താവളത്തിന് പുറത്തിറങ്ങിയ സഫുവാനെ, മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് ഐ പി എസി ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.കസ്റ്റഡിയിലെടുത്ത ശേഷം ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തെങ്കിലും തന്‍റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന കാര്യം സമ്മതിക്കാന്‍ സഫുവാന്‍ തയ്യാറായിരുന്നില്ല.
ശേഷം സഫുവാനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ എക്സറേ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് വയറിനകത്ത് 3 കാപ്സ്യൂളുകള്‍ കാണപ്പെട്ടത്. കള്ളക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും.
ഈ വര്‍ഷം കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 28-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.