ഭോപ്പാലിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. ഭോപ്പാലിൽ നിന്ന് ദില്ലി നിസാമുദ്ദീന്‍ സ്റ്റേഷനിലേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസിന് നേരെയാണ് ആഗ്ര റെയില്‍വേ ഡിവിഷന് കീഴിലുള്ള മാനിയ ജാജൌ സ്റ്റേഷനുകള്‍ക്കിടയില്‍ വെച്ച് കല്ലേറ് ഉണ്ടായത്. സി 7 കോച്ചിന്‍റെ ചില്ലാണ് തകര്‍ന്നത്. 13-17 സീറ്റുകള്‍ക്കിടയിലെ ഗ്ലാസിന് കല്ലേറില്‍ സാരമായ കേടുപാടുണ്ട്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി റെയില്‍വേ വിശദമാക്കി. യാത്രക്കാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റിട്ടില്ല. ഇത് ആദ്യമായല്ല ഇതേ പാതയില്‍ ഓടുന്ന വന്ദേ ഭാരതിന് നേരെ കല്ലേറുണ്ടാകുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഭോപ്പാല്‍ ദില്ലി വന്ദേഭാരത് എക്സ്പ്രസില്‍ അഗ്നിബാധയുണ്ടായത്. റാണി കമലാപതി സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ വിട്ടതിന് തൊട്ട് പിന്നാലെയാണ് അഗ്നിബാധയുണ്ടായത്.22ഓളം യാത്രക്കാരായിരുന്നു ഈ കോച്ചിലുണ്ടായിരുന്നത്. ഇവരെ പെട്ടന്ന് തന്നെ മറ്റ് കോച്ചുകളിലേക്ക് മാറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
സി 12 കോച്ചിന്‍റെ ബാറ്ററി ബോക്സില്‍ നിന്നാണ് തീ പടര്‍ന്നത്. ഏപ്രില്‍ മാസത്തിലാണ് ഈ പാതയിലെ വന്ദേഭാരത് എക്സ്പ്രസ് സര്‍വ്വീസ് ആരംഭിക്കുന്നത്. 701 കിലോമീറ്റര്‍ ദൂരം 7 മണിക്കൂറും 30 മിനിറ്റിലുമാണ് വന്ദേ ഭാരത് എക്സ്പ്രസ് ഈ പാതയില്‍ താണ്ടുന്നത്. നേരത്തെ വന്ദേഭാരത് കാലികളെ ഇടിച്ച നിരവധി സംഭവങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിനും ജൂണ്‍ മാസത്തിനുമിടയില്‍ 68ഓളം സംഭവങ്ങളാണ് വന്ദേ ഭാരത് കാലികളെ ഇടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ട്രെയിനിന് നേരെ കല്ലേറുണ്ടായ നിരവധി സംഭവങ്ങളും രാജ്യത്ത് അങ്ങോളമിങ്ങോളം ഉണ്ടായിട്ടുണ്ട്.