എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയിരിക്കുന്ന വിശാല അധികാരങ്ങള്‍ ശരിവച്ച് സുപ്രീംകോടതി. കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ഇഡിക്ക് പരിശോധകള്‍ നടത്തി സ്വത്തുക്കള്‍ കണ്ടുകെട്ടാനും അറസ്റ്റ് ചെയ്യാനുമുള്ള അധികാരം നിലനിര്‍ത്തണമെന്ന് കോടതി ഉത്തരവിട്ടു.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡിയുടെ അറസ്റ്റ് കണ്ടുകെട്ടല്‍, ഉള്‍പ്പെടുള്ള നടപടികള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്. കാര്‍ത്തി ചിദംബരവും മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖും അടക്കം സമര്‍പ്പിച്ച 242 ഹര്‍ജികളിലാണ് കോടതിയുടെ സുപ്രധാന വിധി. ഇഡിക്ക് വിശാല അധികാരം നല്‍കുന്ന വ്യവസ്ഥകളെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജികള്‍. ഈ നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതില്‍ ഇഡിക്ക് ലഭ്യമായ വിപുലമായ അധികാരങ്ങള്‍ ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, ഈ വാദങ്ങളാണ് ഇപ്പോള്‍ സുപ്രീം കോടതി തള്ളിയത്.
പോലീസിന്റെ എഫ്ഐആറിന് സമാനമായി ഇഡി സമര്‍പ്പിക്കുന്ന ഇസിഐആര്‍ നിലനില്‍ക്കുമെന്നും ഇസിഐആറിലെ വിവരങ്ങള്‍ കുറ്റാരോപിതന് നല്‍കേണ്ടത് അനിവാര്യമല്ലെന്നും കോടതി വ്യക്തമാക്കി. അറസ്റ്റിന്റെ സമയത്തു മാത്രം ഇസിഐആറിലെ കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ മതിയാകും. അതേസമയം, എഫ്ഐആര്‍ പോലെ ഇസിഐആറിനെ കണക്കാക്കരുതെന്നും അത് ഇഡിയുടെ ആഭ്യന്തര രേഖയാണെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തി. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.