വാവ് ബലിതര്‍പ്പണത്തിന് എത്തുന്ന വിശ്വാസികള്‍ക്ക് സന്നദ്ധ സംഘടനകള്‍ ആവശ്യമായ സേവനം നല്‍കണമെന്ന് സിപിഎം നേതാവും ഖാദി ബോര്‍ഡ് ചെയര്‍മാനുമായ പി. ജയരാജന്‍.ബലിതര്‍പ്പണം ഭീകര മുഖങ്ങൾ മറച്ചുവയ്ക്കാൻ സേവനത്തിന്റെ മുഖം മൂടി അണിയുന്നവർക്ക് മാത്രമായി വിട്ടുകൊടുക്കരുതെന്ന് അദ്ദേഹം പറഞ്ഞു.പിതൃസ്മരണ ഉയര്‍ത്തി വിശ്വാസികള്‍ ഒത്തുകൂടുന്ന എല്ലായിടങ്ങളിലും സന്നദ്ധസംഘടനകള്‍ ആവശ്യമായ സേവനം നല്‍കണമെന്ന് വാവു ബലിതര്‍പ്പണത്തിന്റെ പ്രത്യേകതകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായുള്ള സാങ്കല്‍പ്പിക സംഗമങ്ങള്‍ ആണ് കര്‍ക്കടക വാവ് ബലി. നാളെ മലയാളികളില്‍ വളരെയധികം പേര്‍ പിതൃസ്മരണകളില്‍ മുഴുകും. ആഘോഷങ്ങളും ആചാരങ്ങളുമെല്ലാം തന്നെ മണ്മറഞ്ഞു പോയവരുടെ സ്മൃതികള്‍ നമ്മളില്‍ ഉണര്‍ത്തുമെങ്കിലും കര്‍ക്കടക മാസത്തിലെ കറുത്ത പക്ഷം പിതൃക്കള്‍ക്കു വേണ്ടി മാത്രമുള്ളതാണ്. മരണത്തെ കാല്‍പ്പനികവല്‍ക്കരിച്ചും ആചാര വിശ്വാസങ്ങളില്‍ തളച്ചിട്ടും മതങ്ങളുടെ അരികു ചേര്‍ന്നും മനുഷ്യന്‍ ആ മഹാ നിശബ്ദതയെ തന്നാലാവുന്ന വിധമെല്ലാം ചേര്‍ത്ത് നിര്‍ത്തുന്നു.
വേദങ്ങള്‍, പുരാണ ഇതിഹാസങ്ങള്‍, വിവിധ മതങ്ങള്‍, ലോകമെമ്പാടുമുള്ള സംസ്‌കാരങ്ങള്‍ എന്നിവയില്‍ എല്ലായിടത്തും ഈ പിതൃ സ്മരണയുടെ ഏടുകള്‍ കണ്ടെത്താനാവും. മണ്മറഞ്ഞു പോയ പ്രിയപ്പെട്ടവരോടുള്ള ആദരത്തിനും അവര്‍ക്ക് സാങ്കല്പികമായി അന്നമൂട്ടുന്നതുമായ ഈ ആചാരങ്ങള്‍ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ദുഃഖത്തോടെ അല്ലാതെ മരിച്ചവരെ ഓര്‍ക്കാന്‍ നമുക്കാവില്ല. അത് അകാലമായ വേര്‍പാട് ആകുമ്പോള്‍ പറയുകയും വേണ്ട, ദുഃഖം പതിന്മടങ്ങാകുന്നു. എന്നാല്‍ ജീവിതം മുന്നോട്ടു പോകുക തന്നെ ചെയ്യുന്നു. വേര്‍പിരിഞ്ഞു പോയവരെ ചേര്‍ത്ത് നിര്‍ത്തുക, അവരുണ്ടെന്നു സങ്കല്‍പ്പിക്കുക, അവശേഷിപ്പിച്ചു പോയ ശൂന്യതയുടെ നാക്കിലയില്‍ സ്‌നേഹത്തിന്റെ ഒരു ഉരുള വയ്ക്കുക. പിന്നെയുമെന്തൊക്കെയോ ബാക്കിയുണ്ടെന്ന് സ്വയം വിശ്വസിക്കുക. കര്‍ക്കടക ബലിയുടെ അന്തസ്സത്ത ഈ സ്മരണയിലാണ്.
ഇസ്ലാം മത വിശ്വാസികള്‍ മരിച്ചവരുടെ സ്മരണയ്ക്കായി ആണ്ട് നേര്‍ച്ച നടത്താറുണ്ട്. മരിച്ചവരുടെ ആത്മാവിന് ശാന്തി നേര്‍ന്നുകൊണ്ട് അവര്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കും. അന്ന് ഖബറിടങ്ങളില്‍ പ്രാര്‍ഥനയുമുണ്ട്. കൃസ്തീയ വിശ്വാസികളും കുഴിമാടങ്ങള്‍ക്കു മുമ്പില്‍ ആണ്ട് പ്രാര്‍ത്ഥന നടത്താറുണ്ട്.
ഭൗതീക വാദികളും മണ്‍മറഞ്ഞു പോയവരെ അനുസ്മരിക്കുന്ന വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. അവരുടെ ദീപ്തമായ സ്മരണയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് തങ്ങളിലൂടെ അവര്‍ ജീവിക്കുന്നു എന്നാണവര്‍ ഉദ്‌ഘോഷിക്കുന്നത്.
പ്രാചീനകാലത്തിലെ ഗുഹാചിത്രങ്ങളിലടക്കം ചരിത്രഗവേഷകര്‍ മരണാനന്തരം ആത്മാക്കളെ ആരാധിക്കുന്ന ആചാരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പെറുക്കിത്തിന്നും ക്രമേണ കൃഷിചെയ്തും സ്വകാര്യ സ്വത്തിലേക്ക് എത്തിച്ചേര്‍ന്ന മനുഷ്യന്‍, മൂലധന താല്‍പര്യങ്ങള്‍ക്ക് എന്നും പാരമ്പര്യ സ്മരണകളുടെ കൂട്ടുപിടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ ആരാധനാക്രമങ്ങള്‍ ക്രമേണ മതത്തിലേക്കും പൗരോഹിത്യത്തിലേക്കും എത്തിച്ചേര്‍ന്നു.
ഉത്തരകേരളത്തില്‍ പിതൃക്കള്‍ വീട് സന്ദര്‍ശിക്കുന്ന ദിവസമായിട്ടാണ് കര്‍ക്കടക വാവിനെ കാണുന്നത്. അകത്തു വയ്ക്കുക എന്ന ചടങ്ങില്‍ മണ്മറഞ്ഞു പോയ പ്രിയപ്പെട്ടവര്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട ഭക്ഷണം ഒരുക്കി വയ്ക്കും. മരിച്ചവരെ അവര്‍ണജനവിഭാഗങ്ങള്‍ ‘വെള്ളംകുടി’ എന്ന താരതമ്യേന ലളിതമായ വാക്കിലൂടെയാണ് അനുസ്മരിച്ചിരുന്നത്. ഇളനീരും അരിപ്പൊടിയും അടയും കപ്പയുമൊക്കെ തങ്ങളുടെ പൂര്‍വികര്‍ക്ക് നല്‍കി കീഴാള ജനത പൂര്‍വ ജനതയുടെ ഓര്‍മകളെ തിരികെ വിളിച്ചുകൊണ്ടിരുന്നു. എന്നാല്‍ ക്ഷേത്ര കേന്ദ്രീകൃതമായ ആചാരാനുഷ്ഠാനങ്ങളുടെ സ്വാധീനം ഇതിനെയെല്ലാം തകിടം മറിച്ചു. ഇളനീരും മീനുമെല്ലാം കഴിച്ച് തൃപ്തരായിരുന്ന പൂര്‍വപിതാക്കള്‍ വെള്ളച്ചോറും ദര്‍ഭയും എള്ളും സ്വീകരിക്കേണ്ടി വന്നു.
പിതൃബലിയില്‍ വളരെയധികം കൗതുക കരമായ വൈവിധ്യം പുലര്‍ത്തിയിരുന്ന സമൂഹങ്ങള്‍ എല്ലാം തന്നെ ഇന്ന് ക്ഷേത്രങ്ങളെയും തീര്‍ത്ഥ സ്ഥലികളെയും കേന്ദ്രീകരിച്ചുകൊണ്ട് പിതൃബലികള്‍ ചെയ്യാന്‍ തിക്കും തിരക്കും കൂട്ടുന്നു. ക്ഷേത്ര പ്രവേശന വിളംബരം നടക്കുന്നത് വരെ ക്ഷേത്രങ്ങളില്‍ നിന്ന് തീണ്ടാപ്പാടകലെ നില്‍ക്കേണ്ടി വന്ന വലിയൊരു ജനത ഇന്ന് അതെ ക്ഷേത്രങ്ങളില്‍ പൂര്‍വികര്‍ക്ക് ബലി തര്‍പ്പണം നടത്തുന്നു.
മഹത്തായ ത്യാഗം എന്നാണ് ബലി എന്ന വാക്കിനു അര്‍ത്ഥമായി കാണുന്നത്. മനുഷ്യന്‍ മനുഷ്യനെ തന്നെ ഈശ്വര പ്രീതിക്കായി ബലി നല്‍കിയതായി ഒറ്റപ്പെട്ടതാണെങ്കിലും വാര്‍ത്തകള്‍ കാണുന്നുണ്ട്. ചരിത്രാതീത കാലം മുതല്‍ ഭാഷയിലും സംസ്‌കാരത്തിലും ബലി എന്ന വാക്ക് ഇടം പിടിച്ചിരിക്കുന്നു.
കര്‍ക്കടകബലിയില്‍ നിഷ്‌കപടമായ ഒരു പൂര്‍വ്വകാലസ്മരണയുണ്ട്. അതില്‍ മതമില്ല, ഐതിഹ്യത്തിലൂടെയും അതിന്റ ഭാഗമായ വിശ്വാസത്തിലൂടെയും കടന്നു വന്ന മനുഷ്യനേയുള്ളൂ. ആ മനുഷ്യനില്‍ നാനാതരത്തിലുള്ള വിശ്വാസങ്ങളുണ്ട്. അങ്ങനെയുള്ള മനുഷ്യനെ വര്‍ഗീയമായ സങ്കുചിത അറകളിലടക്കാനാണ് ചിലര്‍ ശ്രമിച്ചു വരുന്നത്. അക്കാര്യത്തിലാണ് സമൂഹം ജാഗ്രത പുലര്‍ത്തേണ്ടത്.
പിതൃസ്മരണ ഉയര്‍ത്തി വിശ്വാസികള്‍ ഒത്തുകൂടുന്ന എല്ലായിടങ്ങളിലും സന്നദ്ധ സംഘടനകള്‍ ആവശ്യമായ സേവനം നല്‍കണം. ഇത്തരം ഇടങ്ങള്‍ ഭീകര മുഖങ്ങള്‍ മറച്ച് വെക്കാന്‍ സേവനത്തിന്റെ മുഖം മൂടി അണിയുന്നവര്‍ക്ക് മാത്രമായി വിട്ടുകൊടുക്കരുത്.