വയനാട്ടിൽ വാക്‌സിൻ മാറി നൽകിയതായി പരാതി.മാനന്തവാടിയിലാണ് സംഭവം. കണിയാരം സ്വദേശി മാനുവൽ മത്തായിയാണ് പരാതിയുമായി രംഗത്തെത്തിയത്. ആദ്യ ഡോസ് കൊവാക്‌സിൻ സ്വീകരിച്ച മത്തായിക്ക് രണ്ടാം ഡോസായി നൽകിയത് കൊവിഷീൽഡാണെന്നാണ് ആരോപണം.
ജൂൺ പത്തിന് കുറുക്കൻമല പിഎച്ച്‌സിയിൽ നിന്നാണ് മത്തായി കൊവാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചത്. പിന്നീട് രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാനായി ജൂലൈ 23 ന് കണിയാരം പള്ളിയിൽവച്ച് നടന്ന ക്യാമ്പിലെത്തി. എന്നാൽ ഇവിടെവച്ച് മത്തായിക്ക് കൊവിഷീൽഡ് വാക്‌സിനാണ് കുത്തിവച്ചത്. തുടർന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് പരിശോധിച്ചപ്പോൾ രണ്ടാം ഡോസ് കൊവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചതായാണ് രേഖപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് മാനുവൽ മത്തായി ഡിഎംഒയ്ക്ക് പരാതി നൽകി. പരാതി വിശദമായി പരിശോധിക്കുമെന്ന് ഡിഎംഒ അറിയിച്ചു.