ഐഎസ്ആര്‍ഒ ഗൂഢാലോചന കേസില്‍ നമ്പി നാരായണന്‍ ഉള്‍പ്പെടെയുള്ളവരുടെ ഭൂമി ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. മുന്‍ പൊലീസ് ഉദ്യോഗസ്ഥനും കേസിലെ പ്രതിയുമായ എസ് വിജയനാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയുടെ കുടുംബാംഗങ്ങള്‍, കേസന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരുകളും ഹര്‍ജിയിലുണ്ട്. ഹര്‍ജി ജൂലൈ 30ന് കോടതി പരിഗണിക്കും.
ഇന്നലെ ഐഎസ്ആര്‍ഒ ഗൂഢാലോചന കേസില്‍ സിബിഐയ്ക്ക് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന സുപ്രധാന നിരീക്ഷണം സുപ്രിംകോടതി മുന്നോട്ടുവെച്ചിരുന്നു. നിയമപരമായ നടപടികള്‍ക്ക് കോടതിയുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്. നിയമപരമായ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തില്‍ സിബിഐയ്ക്ക് കൂടുതല്‍ സ്വതന്ത്രമായ അന്വേഷണത്തിലേക്ക് നീങ്ങാമെന്ന് വ്യക്തമാക്കിയ സുപ്രിംകോടതി സിബിഐ അന്വേഷണ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു.
ഡികെ ജയിന്‍ സമിതി റിപ്പോര്‍ട്ട് പരസ്യമാക്കാനാകില്ലെന്ന് സുപ്രിംകോടതി അറിയിച്ചിട്ടുണ്ട്. സിബിഐയ്ക്ക് അതിന്മേല്‍ അന്വേഷണവുമായി മുന്നോട്ടുപോകുകയും നിയമനടപടികള്‍ കൈക്കൊള്ളുകയും ചെയ്യാം. ഡികെ ജയിന്‍ സമിതി റിപ്പോര്‍ട്ടില്‍ മാത്രമാകരുത് സിബിഐ അന്വേഷണമെന്നും സുപ്രിംകോടതി ഊന്നിപ്പറഞ്ഞു. ഡികെ ജയിന്‍ സമിതി ഇനിയും തുടരേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. പ്രതികള്‍ക്കും അവകാശമുണ്ടെന്നും അത് ഉറപ്പാക്കുമെന്നും സുപ്രിംകോടതി സൂചിപ്പിച്ചു. കേസിലെ നടപടി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സിബിഐ സുപ്രിംകോടതിയ്ക്ക് മുന്‍പാകെ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വതന്ത്രമായ അന്വേഷണത്തിന് കോടതി പച്ചക്കൊടി വീശിയത്.
ഇതിനിടെ ഐഎസ്ആര്‍ഒ ഗൂഢാലോചന കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒന്നാംപ്രതി എസ് വിജയന്‍, രണ്ടാം പ്രതി തമ്പി എസ് ദുര്‍ഗാദത്ത്, 11-ാം പ്രതി ജയപ്രകാശ് എന്നിവര്‍ക്കാണ് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇവരെ അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ബോണ്ടില്‍ ജാമ്യത്തില്‍ വിടണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. രണ്ടാഴ്ചത്തേക്കാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രതികളോട് കേസന്വേഷണത്തോട് സഹകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.