ഭിന്നശേഷിക്കാരായ വനിതകൾക്കും ഭിന്നശേഷിക്കാരായ മാതാപിതാക്കൾക്കും 30,000 രൂപ ധനസഹായം നൽകുന്ന പരിണയം പദ്ധതിയ്ക്ക് 2020-21 വർഷത്തേയ്ക്കുള്ള 1.44 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുള്ള നൂതന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുകയനുവദിച്ചത്. സാധുക്കളായ ഭിന്നശേഷി വനിതകൾക്കും അവരുടെ കുടുംബത്തിനും വിവാഹ സമയത്ത് കുറച്ചെങ്കിലും ആശ്വാസം നൽകുന്നതാണ് ഈ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.
ഭിന്നശേഷിത്വം മൂലം സാമ്പത്തിക ക്ലേശമനുഭവിക്കുന്ന വനിതകൾക്കും അവരുടെ കുടുംബത്തിനും താങ്ങാവാൻ വേണ്ടിയാണ് പരിണയം പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടാൻ പാടില്ല. വിവാഹ ധനസഹായത്തിനായി അപേക്ഷിക്കുന്നവർ വിവാഹ തീയതിയ്ക്ക് ഒരു മാസം മുമ്പ് ബന്ധപ്പെട്ട സാമൂഹ്യനീതി ഓഫീസർക്ക് അപേക്ഷ സമർപ്പിച്ചിരിക്കണം. ഭിന്നശേഷിക്കാരായ മാതാപിതാക്കൾക്ക് തങ്ങളുടെ 2 പെൺകുട്ടികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷിക്കുന്ന ദിവസം പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായിരിക്കണം. പെൺകുട്ടിയുടെ വിവാഹത്തിന് മുമ്പ് അപേക്ഷിക്കുന്നയാൾ മരണപ്പെടുകയാണെങ്കിൽ കുടുംബത്തിലെ മൂത്ത അംഗത്തിനോ വിവാഹം നടത്തിക്കാൻ ചമുതലയുള്ള കുടുംബത്തിലെ മറ്റ് അംഗത്തിനോ ഈടിൻമേൽ ധനസഹായം നൽകുന്നതാണ്. വിവാഹാനന്തരം 6 മാസം വരെയുള്ള കാലതാമസം ജില്ലാ സാമൂഹ്യനീതി ഓഫീസർക്കും 6 മാസത്തിന് ശേഷം ഒരു വർഷംവരെയുള്ള അപേക്ഷകളിൽമേൽ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്കും മതിയായ കാരണങ്ങളുണ്ടെങ്കിൽ മാപ്പാക്കി ധനസഹായം അനുവദിക്കാവുന്നതാണ്
30,000 രൂപ ധനസഹായം നൽകുന്ന പരിണയം പദ്ധതിയ്ക്ക് 1.44 കോടി

