ഓപ്പറേഷൻ സിന്ദൂർ നടക്കുന്നതിനിടെ ഇന്ത്യൻ നാവികസേനയ്ക്ക് പല തവണ ആക്രമണം നടത്താനുള്ള തയ്യാറെടുപ്പിനുള്ള നിർദേശം ലഭിച്ചിരുന്നതായി റിപ്പോർട്ട്. പാകിസ്താന്റെ ഉള്ളിൽ മിസൈൽ ആക്രമണത്തിനും നാവികസേനയ്ക്കു നിർദേശം ലഭിച്ചിരുന്നതായി സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് എൻടിഡിവി റിപ്പോർട്ട് ചെയ്യുന്നു.എന്നാൽ, ആക്രമണത്തിനുള്ള അവസാന നിർദേശം നാവികസേനയ്ക്ക് ലഭിച്ചതുമില്ല.
പാകിസ്താനിലെ ലക്ഷ്യങ്ങൾ തകർക്കാനുള്ള തയ്യാറെടുപ്പുകളും നാവികസേന നടത്തി. പാക് നാവികസേനയുടെ കപ്പലുകളും തുറമുഖങ്ങളിലെ അന്തർവാഹിനികളും ലക്ഷ്യത്തിൽ ഉൾപ്പെട്ടു. സമ്പൂർണമായ ആക്രമണത്തിന് തൊട്ടടുത്തായിരുന്നു ഇന്ത്യൻ നാവികസേനയെന്ന് റിപ്പോർട്ടിൽ പറയുന്നു.
കറാച്ചിയിലെ പാക് നാവികസേനാ കപ്പലുകളായിരുന്നു പ്രാഥമിക ലക്ഷ്യത്തിൽ ഉണ്ടായിരുന്നത്. അന്തർവാഹിനികളിൽനിന്ന് തൊടുക്കാവുന്ന ക്ലബ് പരമ്പരയിൽപെട്ട ക്രൂയിസ് മിസൈലുകളും ബ്രഹ്‌മോസ് മിസൈലുകളും അവസാന നിർദേശവും കാത്തിരുന്നു. യുദ്ധക്കപ്പലുകളും അന്തർവാഹിനികളുംം അവസാന തയ്യാറെടുപ്പുകൾ നടത്തി. കപ്പലിൽനിന്നും കരയിൽനിന്നും ഒരേ സമയം ആക്രമണം ആരംഭിക്കാനായിരുന്നു പദ്ധതി
പാകിസ്താൻ നാവികസേനയുടെ കപ്പലുകളും അന്തർവാഹിനികളും തുറമുഖവും ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. ബ്രഹ്‌മോസ് മിസൈലുകളും അന്തർവാഹിനിയിൽനിന്ന് വിക്ഷേപിക്കാവുന്ന ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്താനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. നാവികസേനയ്ക്ക് വെടിവയ്ക്കാനുള്ള ഉത്തരവ് ലഭിച്ചിരുന്നെങ്കിൽ പാക് യുദ്ധക്കപ്പലുകളടക്കം ലക്ഷ്യത്തിൽപെടുമായിരുന്നു. പാക് യുദ്ധക്കപ്പലുകളേക്കാൾ മേന്മയിൽ ഏറെ മുന്നിലാണ് ഇന്ത്യൻ യുദ്ധക്കപ്പലുകൾ എന്നത് ശ്രദ്ധേയം.
കരയിൽനിന്ന് വിക്ഷേപിക്കാവുന്ന നാവികസേനയുടെ പ്രഹരശേഷി കൂടിയ ആയുധങ്ങളുടെ ലക്ഷ്യം ഭീകരക്യാമ്പുകൾ ആയിരുന്നു. ഇന്ത്യൻ യുദ്ധക്കപ്പലുകളുടെ ആക്രമണം സംഭവിച്ചിരുന്നെങ്കിൽ പാകിസ്താന്റെ തുറമുഖങ്ങൾ നാമാവശേഷമാവുമായിരുന്നു. മിഗ് 29കെ ഫൈറ്റർ ജെറ്റുകളും ആക്രമണത്തിന് സന്നദ്ധമായിരുന്നു. ജെറ്റുകളുടെ ആക്രമണലക്ഷ്യവും നിർണയിക്കപ്പെട്ടിരുന്നു.
മെയ് 6,7 ദിവസങ്ങളിൽ ഇന്ത്യൻ സായുധ സേന നടത്തിയ വ്യോമ, മിസൈൽ ആക്രമണങ്ങളുടെ പരമ്പരയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഒമ്പത് പാകിസ്ഥാൻ തീവ്രവാദ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചായിരുന്നു ഇത്. 2025 ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 സാധാരണക്കാർ വെടിയേറ്റ് മരിച്ചതിന്റെ തിരിച്ചടിയായിട്ടാണ് ഇന്ത്യ പാകിസ്താനിൽ ആക്രമണം അഴിച്ചുവിട്ടത്.
ആക്രമണത്തിൽ പാകിസ്താൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകളായ ജയ്ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ ഭീകര ക്യാമ്പുകളും ഇന്ത്യ തകർത്തു.

