കൈതോലപ്പായയിൽ പൊതിഞ്ഞ് കോടികൾ കടത്തിയതായി ദേശാഭിമാനിയിലെ മുൻ പത്രാധിപസമിതിയംഗം ജി. ശക്തിധരന്‍റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പ്രതിപക്ഷത്തിനെതിരെ കേസ് എടുക്കുന്നതിലെ ഔത്സുക്യം ഇപ്പോഴുണ്ടോ എന്നും അന്വേഷണത്തിൽ ഇരട്ടനീതി പാടില്ലെന്നും സതീശൻപറഞ്ഞു
ഹൈക്കമാൻഡുമായി ചർച്ചയ്ക്കായി ന്യൂഡൽഹിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
‘ദേശാഭിമാനി മുൻ പത്രാധിപ സമിതിയംഗം ജി. ശക്തിധരൻ മുഖ്യമന്ത്രിക്കെതിരേ നടത്തിയിരിക്കുന്നത് ഗുരുതര ആരോപണമാണ്. പാർട്ടി സെക്രട്ടറിയായിരുന്ന സമയത്ത് കലൂരിലെ ദേശാഭിമാനി ഓഫീസിൽ വിവിധ ആളുകളിൽ നിന്നായി ശേഖരിച്ച പണം കൈതോലയിൽ കെട്ടി കാറിൽ കയറ്റി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി എന്നാണ് ആരോപണം. നിലവിലെ മന്ത്രിസഭയിൽ അംഗമായിരിക്കുന്ന നേതാവും കാറിൽ ഉണ്ടായിരുന്നു എന്നാണ് വെളിപ്പെടുത്തൽ. 2.35 കോടി രൂപയാണ് കൊണ്ടുപോയത്. 20 ലക്ഷം രൂപ തിരുവനന്തപുരത്ത് വാങ്ങിയതിന്റേയും കണക്കുകൾ പുറത്തുവിട്ടിട്ടുണ്ട്. എവിടെനിന്നാണ്, ആരിൽനിന്നാണ് പണം കിട്ടിയത് എന്ന് അന്വേഷണം നടത്തണ്ടേ? പിണറായി വിജയന്റെ കൂടെനിന്ന് പണം എണ്ണി തിട്ടപ്പെടുത്തിയ ആൾ വെളിപ്പെടുത്തൽ നടത്തുമ്പോൾ അതിൽ അന്വേഷണം നടത്താൻ ധൈര്യമുണ്ടോ?’, വി.ഡി. സതീശൻ ചോദിച്ചു.
‘തിരുവനന്തപുരം മുതൽ അമേരിക്കയിലെ ടൈം സ്ക്വയർ വരെ അറിയപ്പെടുന്ന ആളെക്കുറിച്ചാണ് ഗൗരവതരമായ ഈ ആരോപണം. ശക്തിധരന്റെ വെളിപ്പെടുത്തലിൽ എഫ്.ഐ.ആർ. എടുത്ത് അന്വേഷണം നടത്താനും അന്വേഷണം നടത്തുമ്പോൾ ആഭ്യന്തരമന്ത്രിയുടെ പദവിയിൽ നിന്ന് മാറി നിൽക്കാനും മുഖ്യമന്ത്രി തയ്യാറുണ്ടോ? സുധാകരൻ പുറത്താക്കിയ ഡ്രൈവറുടെ മൊഴി അനുസരിച്ച് സുധാകരനെതിരായി കേസെടുക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന പണം എണ്ണി തിട്ടപ്പെടുത്തിയ ആൾ വെളിപ്പെടുത്തൽ നടത്തുമ്പോൾ അതിൽ നിന്ന് ഒഴിഞ്ഞു പോകുന്നത് ശരിയാണോ?’, വി.ഡി. സതീശൻ ചോദിച്ചു.

