താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെതിരേ നടനും പത്തനാപുരം എംഎല്‍എയുമായ കെ.ബി.ഗണേശ് കുമാര്‍. ‘അമ്മ’ ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ഗണേശ് കുമാര്‍ രംഗത്തെത്തിയത്.
‘അമ്മ’ ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശം ഞെട്ടലുണ്ടാക്കിയെന്ന് ഗണേശ് കുമാര്‍ പറഞ്ഞു. ചാരിറ്റബിള്‍ സൊസൈറ്റി എന്ന നിലയിലാണ് സംഘടനയെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ വ്യത്യാസമുണ്ടെങ്കില്‍ മോഹന്‍ലാല്‍ അക്കാര്യം വ്യക്തമാക്കട്ടെ എന്നും കെ.ബി.ഗണേശ് കുമാര്‍ പറഞ്ഞു. അമ്മ ക്ലബ്ബ് എന്ന തരത്തില്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച് ഇടവേള ബാബു മാപ്പ് പറയണമെന്നും ഗണേശ് ആവശ്യപ്പെട്ടു.
വിജയ് ബാബുവിനെതിരെ അതിജീവിത പറയുന്ന കാര്യം ‘അമ്മ’ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. ദിലീപ് രാജിവച്ചപോലെ വിജയ് ബാബു രാജിവയ്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നടന്‍ ഷമ്മി തിലകനെതിരേയുള്ള നടപടിയിലും ഗണേഷ് കുമാര്‍ പ്രതിഷേധിച്ചു. ആരോപണ വിധേയന്‍ ഗള്‍ഫിലേക്ക് പോയപ്പോള്‍ ഇടവേള ബാബു ഒപ്പമുണ്ടായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ആരോപണ വിധേയന്‍ നിരവധി ക്ലബുകളില്‍ അംഗമാണെന്ന് അമ്മ പറയുന്നത് ആര്‍ക്ക് വേണ്ടി. ക്ലബ് ആണെന്ന് ഇടവേള ബാബു പറഞ്ഞപ്പോള്‍ പ്രസിഡന്റിന് തിരുത്താമായിരുന്നു. – ഗണേഷ് കുമാര്‍ പറഞ്ഞു.