പ്രകോപന പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യു. രാഹുൽഗാന്ധിയുടെ ഓഫീസ് തകർത്തത് പോലുള്ള സംഭവങ്ങൾ ആവർത്തിച്ചാൽ ധീരജിന്റെ അവസ്ഥയുണ്ടാകുമെന്നാണ് സി.പി. മാത്യുവിന്റെ ഭീഷണി. മുരിക്കാശേരിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് വിവാദ പ്രസംഗം,രാഹുൽഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചതിനെതിരായും അഗ്നിപഥ് പദ്ധതിക്കെതിരായും നടന്ന പ്രതിഷേധ പരിപാടിക്കിടെയാണ് സി.പി. മാത്യു അതീവ ഗൗരവമായ വിവാദ പരാമർശം നടത്തിയത്. നേരത്തെ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെയും സി.പി.മാത്യു പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നു. യുഡിഎഫിൽ നിന്ന് വിജയിച്ച രാജി ചന്ദ്രൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തണലിൽ സുഖവാസം അനുഭവിക്കുകയാണെന്നും കാലാവധി പൂർത്തിയാക്കുന്നത് വരെ രണ്ട് കാലിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ വരാൻ അനുവദിക്കില്ലെന്നുമായിരുന്നു പ്രസ്താവന. ഇതിനെതിരെ രാജി ചന്ദ്രൻ നൽകിയ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സി.പി.മാത്യുവിനെതിരെ അന്ന് ഇടുക്കി പൊലീസ് കേസെടുത്തു.