പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് സൂചന. പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കര്‍ സിദ്ദിഖ് ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. പത്തംഗ സംഘമെന്ന് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.
കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് പൈവളിഗയിലെ സംഘമാണെന്നും റയീസ്, നൂര്‍ഷ, ഷാഫി എന്നിവരാണ് കൊലയ്ക്ക് നേതൃത്വം നല്‍കിയതെന്ന് പോലീസ് വ്യക്തമാക്കി. ഇവരെ പോലീസ് തിരിച്ചറിഞ്ഞു. ഗള്‍ഫിലേക്കുള്ള പണം കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടുപോകലിലേക്കും കൊലയിലേക്കും നയിച്ചത്.
സിദ്ദിഖിന്റെ സഹോദരന് അന്‍വറിനെയും സുഹൃത്ത് അന്‍സാരിയേയും ഒരു സംഘം നേരത്തെ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ വിട്ടുകിട്ടണമെങ്കില്‍ സിദ്ദിഖ് നാട്ടിലെത്തണമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. ഇന്നലെയാണ് സിദ്ദിഖ് ഗള്‍ഫില്‍ നിന്ന് എത്തിയത്.
അബൂബക്കര്‍ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ഇയാളെ ബിന്തിയോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
സിദ്ദിഖിന്റെ ശരീരത്തില്‍ കുത്തേറ്റതിന്റെയും മര്‍ദനമേറ്റതിന്റെയും പാടുകളുണ്ട്. ഗുരുതരാവസ്ഥയിലുള്ള സിദ്ദിഖിന്റെ സഹോദരനെയും അക്രമികള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു. ഇയാള്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരും നടത്തിയ പരിശോധനയിലാണ് സിദ്ദിഖ് മരിച്ചതായി ബോധ്യപ്പെട്ടത്.
പരിശോധനയില്‍ സിദ്ദിഖിന്റെ കാലിനടിയില്‍ മാത്രമാണ് പരിക്കുള്ളതെന്ന് കണ്ടെത്തി. വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്നാണ് പോലീസ് സംശയിക്കുന്നത്. അതേസമയം ജില്ലാ പോലീസ് മേധാവി ,ഡിവൈ എസ് പി മുതലായവര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.കുമ്പള പൊലീസ് ഞായറാഴ്ച തന്നെ മംഗളൂരുവിലെത്തി അന്‍വറിന്റെ മൊഴിയെടുത്തിരുന്നു. സിദ്ദിഖിന്റെ സുഹൃത്ത് അന്‍സാരി എവിടെയെന്ന് ഇപ്പോഴും വ്യക്തമല്ല.

