കെയര്‍ ഹോം എന്ന പദ്ധതിയില്ലെങ്കില്‍ അന്തിയുറങ്ങാന്‍ ഒരിടമില്ലാതെ കഴിയേണ്ടി വന്നേനെ, പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയില്‍ എലിക്കാട് ദേവകി പറയുന്നു. പ്രളയത്തില്‍ വെള്ളം കയറി നഷ്ടപ്പെട്ട വീടിന് പകരം ഇന്ന് അടച്ചുറപ്പുള്ള വീട്ടില്‍ മക്കളോടൊപ്പം താമസിക്കുന്ന ഇവര്‍ക്ക് സ്്വപ്നസാക്ഷാത്കാരമാണ് കൃഷ്ണവിലാസം എന്ന് വീട്. സംസ്ഥാന സര്‍ക്കാറും പുതുപ്പാടി സര്‍വീസ് സഹകരണ ബാങ്കും ചേര്‍ന്നാണ് പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയില്‍ എലിക്കാട് ദേവകിക്ക് വീട് നിര്‍മ്മിച്ചു നല്‍കിയത്. പ്രവൃത്തി പൂര്‍ത്തിയായ വീട്ടില്‍ മെയ് നാലിനാണ് ഇവര്‍ താമസമാക്കിയത്.
എലിക്കാട് ഭാഗത്ത്, മഴപെയ്താല്‍ വെള്ളം കയറുന്ന തരത്തില്‍ ചതുപ്പ് തപ്രദേശത്തായിരുന്നു ദേവകിയുടെ വീട്. മണ്‍കട്ട കൊണ്ട് നിര്‍മ്മിച്ച വീട് പ്രളയകാലത്ത് വെള്ളം കയറി തകര്‍ന്നു വീണതോടെ എല്ലാവരെ പോലെ ദേവകിയും കുടുംബവും മണല്‍വയല്‍ സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. ഇനിയെങ്ങനെ ഒരു വീട് നിര്‍മ്മിക്കുമെന്ന ആശങ്കയില്‍ നില്‍ക്കുമ്പോഴാണ് സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയില്‍ വീട് അനുവദിക്കുന്നത്. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍, ഗുണഭോക്താവ്, സഹകരണ വകുപ്പ് പ്രതിനിധി, ബാങ്ക് ഡയറക്ടര്‍, സെക്രട്ടറി എന്നിവരടങ്ങിയ നിര്‍മ്മാണ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേരിട്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ഫെബ്രുവരിയില്‍ നിര്‍മ്മാണം തുടങ്ങിയപ്പോള്‍ താഴ്ന്ന പ്രദേശത്ത് വീട് നിര്‍മ്മിക്കുക എന്നതാണ് പ്രയാസമായത്. തുടര്‍ന്ന് കോണ്‍ക്രീറ്റ് പില്ലറുകള്‍ സ്ഥാപിച്ച് ഉയര്‍ത്തിയാണ് ഇവിടെ നിര്‍മ്മാണം നടത്തിയത്. മൂന്ന് മാസത്തിനകം തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കി വീട് കൈമാറാന്‍ കഴിഞ്ഞത് വന്‍നേട്ടമായെന്ന് ബാങ്ക് പ്രസിഡന്റ് കെ സി വേലായുധന്‍ പറഞ്ഞു. രണ്ട് കിടപ്പുമുറി, അടുക്കള, ശുചിമുറി, സിറ്റൗട്ട്, സെന്റര്‍ഹാള്‍ എന്നിവയടങ്ങിയ വീട് 620 സ്‌ക്വയര്‍ഫീറ്റിലാണ് നിര്‍മ്മിച്ചത്. ഏഴ് ലക്ഷമാണ് ചെലവഴിച്ചത്. നിര്‍മ്മാണം കരാര്‍ നല്‍കാതെ നേരിട്ട് നടത്തിയതിലൂടെ പരമാവധി ചെലവ് കുറക്കാന്‍ കഴിഞ്ഞു. ജനപ്രതിനിധികളും ബാങ്ക് ജീവനക്കാരും ഉദ്യോഗസ്ഥരും നാട്ടുകാരും പങ്കെടുത്ത ചടങ്ങില്‍ മെയ് നാലിന് സഹകരണ സംഘം താമരശ്ശേരി താലൂക്ക് അസി. രജിസ്ട്രാര്‍ ബി സുധയാണ് താക്കോല്‍ ദേവകിക്ക് കൈമാറിയത്.