തിരുവനന്തപുരം ശാസ്താമംഗലത്ത് പട്ടാപ്പകല്‍ നടുറോഡില്‍ മോഷണക്കുറ്റം ആരോപിച്ച് ബ്യൂട്ടിപാര്‍ലര്‍ ഉടമ യുവതിയെ നടുറോഡിലിട്ട് മര്‍ദിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവമുണ്ടായത്. വള മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് മര്‍ദ്ദനമുണ്ടായത്.
റോഡില്‍ വെച്ച് മറ്റൊരാള്‍ ചിത്രീകരിച്ച മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. മര്‍ദ്ദനമേറ്റ് സ്ത്രീ നിലത്ത് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. മര്‍ദനമേറ്റ ശോഭയെന്ന സ്ത്രീയുടെ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കടയുടെ അടുത്തുള്ള ബാങ്കില്‍ വന്നതാണെന്നു യുവതി പറയുന്നു. ബ്യൂട്ടി പാര്‍ലറില്‍ കയറിയിട്ടില്ല. കുട്ടി കൂടെയുണ്ടായിരുന്നു. ബാഗില്‍ കുട്ടിയുടെ യൂണിഫോമിനൊപ്പം തന്റെ പൊട്ടിയ വള വച്ചിരുന്നു. കടയ്ക്കു മുന്നില്‍ ഫോണ്‍ ചെയ്തു നിന്നപ്പോള്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയും സുഹൃത്തുമെത്തി ചോദ്യം ചെയ്തു. തുടര്‍ന്ന് അവര്‍ മര്‍ദിച്ചതായും യുവതി പറഞ്ഞു.

