ത്യാഗരാജ് സ്റ്റേഡിയത്തിൽ വളര്‍ത്തു നായയുമായി സായാഹ്ന സവാരി നടത്തുന്നതിന് കായിക പരിശീലനം നിർത്തിവെപ്പിച്ചുവെന്ന വിവാദത്തില്‍ ആരോപണവിധേയരായ ഐഎഎസ് ദമ്പതിമാരെ സ്ഥലം മാറ്റി.ഡല്‍ഹി സര്‍ക്കാരിലെ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജീവ് ഖീര്‍വറിനെയും ഭാര്യയും ഐഎഎസ് ഓഫീ സറുമായ റിങ്കു ദുഗ്ഗയെയയുമാണ് സ്ഥലം മാറ്റിയത്. സഞ്ജീവ് ഖീര്‍വറിനെ ലഡാക്കിലേക്കും റിങ്കു ദുഗ്ഗയെ അരുണാചല്‍പ്രദേശിലേക്കുമാണ് സ്ഥലം മാറ്റി കേന്ദ്രം ഉത്തരവിട്ടത്.ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം കൂടുതല്‍ നടപടികളിലേക്ക് കടന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
“സഞ്ജീവ് ഖിർവാറും ഭാര്യ റിങ്കു ദുഗ്ഗയും ത്യാഗരാജ് സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടിൽ ആഭ്യന്തര മന്ത്രാലയം ഡൽഹി ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിരുന്നു. വൈകുന്നേരത്തോടെയാണ് ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചത്. സ്റ്റേഡിയത്തില്‍ രാത്രി എട്ടര വരെ മുമ്പ് പരിശീലനം നടത്തിയിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഏഴ് മണിയോടെ സ്റ്റേഡിയം വിടാന്‍ തങ്ങളോട് ആവശ്യപ്പെടുകയാണെന്നും അത്ലറ്റുകള്‍ ആരോപിച്ചിരുന്നു. ഐഎഎസ് ഒഫീസര്‍ക്കും അദേഹത്തിന്‍റെ നായക്കും നടക്കാന്‍ വേണ്ടിയാണിതെന്നും ഇതോടെ തങ്ങളുടെ പരിശീലനം തടസപ്പെടുന്നുവെന്നും അത്ലറ്റുകള്‍ ആരോപിച്ചിരുന്നു. ഐഎസ്എസ് ഓഫീസറുടെ നടത്തം കുട്ടികളുടെ പരിശീലനത്തെ ബാധിക്കുന്നതായി മാതാപിതാക്കളും പറഞ്ഞിരുന്നു.