നടിയുടെ ബലാത്സംഗ പരാതിയിൽ വിദേശത്ത് ഒളിവിലുള്ള വിജയ് ബാബുവിന് പണത്തിനായി ക്രഡിറ്റ് കാർഡ് എത്തിച്ച് നൽകിയ യുവനടിയെ പൊലീസ് ചോദ്യം ചെയ്യും. ഈ നടി പരാതിക്കാരിയായ യുവനടിയെ സ്വാധീനിച്ചു പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചതായാണ് വിവരം. മലയാളി നടിയെ അടുത്ത ദിവസം തന്നെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. വിദേശത്തു തങ്ങാനുള്ള പണം തീര്‍ന്നതിനെ തുടര്‍ന്ന്, വിജയ് ബാബുവിന് യുവനടി രണ്ട് ക്രഡിറ്റ് കാർഡുകൾ എത്തിച്ച് നൽകിയെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.
വിജയ് ബാബുവിന്‍റെ സിനിമ നിർമാണ കന്പനിയായ ഫ്രൈഡേ ഫിലിംസിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന നടിയാണ് കാർഡുകൾ കൈമാറിയത്. കൊടുങ്ങല്ലൂരിലെ സിനിമ ലൊക്കേഷനിലായിരുന്ന നടി നെടുമ്പാശ്ശേരി വഴി ദുബൈയിലെത്തിയാണ് കാർഡുകൾ കൈമാറിയതെന്നാണ് വിവരം.
കേസിൽ മുൻകൂർ ജാമ്യം ലഭിക്കുന്നത് വരെ വിദേശത്ത് തുടരാനാണ് വിജയ് ബാബുവിന്‍റെ നീക്കം. അതുവരെ കഴിയാനുള്ള പണത്തിന് വേണ്ടിയാണ് സഹായം തേടിയത്. യുവനടിയെ കൂടാതെ മറ്റു ചിലരും ഒളിവിലുള്ള വിജയ് ബാബുവിന് സഹായം എത്തിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെയെല്ലാം അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യും.

